ന്യൂ ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ലോക്സഭയിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം ആശങ്കയുണ്ടാകുന്നതെന്നും ജനങ്ങളെ പ്രതികൂലമായിത്തന്നെ ബാധിച്ചിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു കോടി ഇന്ത്യക്കാരാണ് ഗൾഫിലുള്ളത്. അവർക്ക് എല്ലാ സഹായവും നൽകുന്നുണ്ട്. മാർഗനിർദേശങ്ങൾ നൽകുകയും കൺട്രോൾ റൂം തുറക്കുകയും ചെയ്തിട്ടുണ്ട് എന്നും മോദി പറഞ്ഞു.
സംഘർഷം ആഗോള സമ്പദ് വ്യവസ്ഥയെ ആകെ ബാധിച്ചുവെന്നും മോദി പറഞ്ഞു. മൂന്നുലക്ഷത്തിലധികം പൗരന്മാരാണ് ഇതുവരെ മടങ്ങിയെത്തിയത്. ഇറാനില്‍ നിന്ന് ആയിരത്തിലധികം പേരാണ് വന്നത്. ഏതാനും ഇന്ത്യക്കാര്‍ക്ക് സംഘർഷത്തിൽ ജീവന്‍ നഷ്ടമായി. സംഘര്‍ഷമേഖലകളിലെ എംബസികളെല്ലാം ഇന്ത്യക്കാരുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നുവെന്നും മോദി വ്യക്തമാക്കി.
രാജ്യത്തെ എൽപിജി പ്രതിസന്ധിയെക്കുറിച്ചും മോദി സഭയിൽ സംസാരിച്ചു. ക്രൂഡ് ഓയില്‍, ഗ്യാസ്, രാസവളം തുടങ്ങിയവയെല്ലാം ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് വരുന്നത്. നിലവില്‍ ഹോര്‍മൂസ് വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് സാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്നും മോദി പറഞ്ഞു. ഗാര്‍ഹിക എൽപിജിക്കാണ് ഇപ്പോൾ പ്രാധാന്യം നല്‍കുന്നത്. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ നമ്മുടെ ഊര്‍ജ സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിച്ചു. 41 രാജ്യങ്ങളില്‍നിന്ന് ഊര്‍ജ ഇറക്കുമതി നടത്തുന്നുന്നുമുണ്ട്. രാജ്യത്ത് പെട്രോളിയം കരുതൽ ആവശ്യത്തിനുണ്ട് എന്നും പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും മോദി പറഞ്ഞു.
ക്രൂഡ് ഓയില്‍, ഗ്യാസ്, രാസവളം എന്നിവ രാജ്യത്ത് സുരക്ഷിതമായി എത്തിക്കാന്‍ ശ്രമിക്കുകയാണ് എന്നും കര്‍ഷക താല്‍പര്യം പൂര്‍ണമായി സംരക്ഷിക്കുമെന്നും മോദി വ്യക്തമാക്കി. നിലവിലെ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ് എന്നും മാനവികതയ്ക്കും സമാധാനത്തിനുമാണ് ഇന്ത്യ നിലകൊള്ളുന്നത് എന്നും മോദി കൂട്ടിച്ചേർത്തു.



