സാങ്കേതികവിദ്യയുടെ വളർച്ച നമ്മളെ ലോകത്തിന്റെ ഏതു കോണിലുള്ളവരുമായും ബന്ധിപ്പിക്കുന്നുണ്ടെങ്കിലും, വ്യക്തിപരമായ ഒറ്റപ്പെടൽ എന്നത് ഇക്കാലത്ത് വലിയൊരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന് തെളിവെന്നോണമാണ് ചൈനയിൽ നിന്നുള്ള ‘ആർ യു ഡെഡ്?’ എന്ന മൊബൈൽ ആപ്പ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. 

കേൾക്കുമ്പോൾ അല്പം പേടി തോന്നുമെങ്കിലും, ഈ ആപ്പിന്റെ പിന്നിലെ ലക്ഷ്യം തികച്ചും വ്യത്യസ്തമാണ്. ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവർക്ക് ഒരു സുരക്ഷാ കവചം ഒരുക്കുക എന്നതാണ് ഈ ആപ്പ് ചെയ്യുന്നത്. ‘സി-ലെ-മ’ എന്ന് ചൈനീസ് ഭാഷയിൽ അറിയപ്പെടുന്ന ഈ ആപ്പ്, അവിടെയുള്ള പ്രശസ്തമായ ഭക്ഷണ വിതരണ ആപ്പായ ‘ഇ-ലെ-മ’ (Are You Hungry?) എന്ന പേരിനെ കളിയാക്കുന്ന രീതിയിലാണ് നാമകരണം ചെയ്തിരിക്കുന്നത്.

ഈ ആപ്പിന്റെ പ്രവർത്തനരീതി വളരെ ലളിതമാണ്. ഓരോ 48 മണിക്കൂറിലും ആപ്പ് ഉപഭോക്താവിന് ഒരു നോട്ടിഫിക്കേഷൻ അയക്കും. അതിൽ ‘ഞാൻ ജീവിച്ചിരിപ്പുണ്ട്’ എന്ന് അർത്ഥം വരുന്ന ബട്ടണിൽ ഉപഭോക്താവ് ക്ലിക്ക് ചെയ്യണം. തുടർച്ചയായി രണ്ട് തവണ അതായത് 96 മണിക്കൂർ ഈ നോട്ടിഫിക്കേഷനോട് പ്രതികരിച്ചില്ലെങ്കിൽ, നിങ്ങൾ മുൻകൂട്ടി നൽകിയിട്ടുള്ള അത്യാവശ്യ കോൺടാക്റ്റ് നമ്പറുകളിലേക്ക്  ആപ്പ് സന്ദേശം അയക്കും. 

നിങ്ങൾ അപകടത്തിലാണെന്നോ അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചെന്നോ ഉള്ള സൂചനയാണ് ഇതിലൂടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ലഭിക്കുന്നത്. കേവലം 1.15 ഡോളർ അഥവാ ഏകദേശം 100 രൂപ മാത്രം വിലയുള്ള ഈ ആപ്പ് ചൈനയിലെ പെയ്ഡ് ആപ്പുകളുടെ പട്ടികയിൽ ഒന്നാമതെത്തിക്കഴിഞ്ഞു.

എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ ഇത്തരമൊരു ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് എന്ന ചോദ്യത്തിന് പിന്നിൽ വികസിത രാജ്യങ്ങളിലെ ഒറ്റപ്പെടലിന്റെ വലിയൊരു കഥയുണ്ട്. ചൈനയിൽ മാത്രം 2030-ഓടെ ഒറ്റയ്ക്ക് താമസിക്കുന്നവരുടെ എണ്ണം 20 കോടി കവിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

നഗരവൽക്കരണവും തിരക്കേറിയ ജീവിതശൈലിയും കാരണം അയൽപക്ക ബന്ധങ്ങൾ പോലും ഇല്ലാതാകുന്ന കാലത്ത്, താൻ മരിച്ചാൽ പോലും ആരും അറിയില്ല എന്ന ഭയം പലരിലുമുണ്ട്. ഈ സാമൂഹിക പ്രശ്നത്തെയാണ് 1995-ന് ശേഷം ജനിച്ച മൂന്ന് യുവാക്കൾ ചേർന്ന് വികസിപ്പിച്ച ഈ ആപ്പ് ലക്ഷ്യം വെക്കുന്നത്.

ആപ്പിന്റെ പേര് മരണം എന്ന വാക്കുമായി ബന്ധപ്പെട്ടതായതിനാൽ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. മരണം എന്ന വാക്കിനെ തമാശയാക്കുന്നു എന്നും ഇത് ഭാഗ്യക്കേട് കൊണ്ടുവരുമെന്നും വിശ്വസിക്കുന്നവരുണ്ട്. ഇത്തരം പരാതികളെ തുടർന്ന് ആപ്പിന്റെ പേര് ‘ആർ യു ഓക്കെ?’ എന്നോ മറ്റോ മാറ്റാനുള്ള ആലോചനയിലാണ് ഇതിന്റെ പിന്നിലെ അണിയറപ്രവർത്തകർ. 

നിലവിൽ ‘ഡെമുമു’ എന്ന പേരിലാണ് അന്താരാഷ്ട്ര വിപണിയിൽ ഇത് അറിയപ്പെടുന്നത്. സിംഗപ്പൂർ, ഓസ്‌ട്രേലിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും ഈ ആപ്പിന് ഇപ്പോൾ ആവശ്യക്കാർ ഏറുകയാണ്. ഡാറ്റാ സ്വകാര്യതയെക്കുറിച്ച് ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും, തങ്ങളുടെ സുരക്ഷയ്ക്ക് ഇതൊരു മുതൽക്കൂട്ടാണെന്നാണ് ഭൂരിഭാഗം ഉപയോക്താക്കളും അഭിപ്രായപ്പെടുന്നത്.

​ഈ ആപ്പിന്റെ ഉത്ഭവം അപ്രതീക്ഷിതവും ലളിതവുമായ ഒരു ചിന്തയിൽ നിന്നായിരുന്നു. 2025 മെയ് മാസത്തിൽ ചൈനയിലെ മൂന്ന് യുവ സോഫ്റ്റ്‌വെയർ ഡെവലപ്പർമാരാണ് ഈ ആശയം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. 1995-ന് ശേഷം ജനിച്ച ‘ജെൻ സി’ വിഭാഗത്തിൽപ്പെട്ട ഇവർ, തങ്ങൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ കണ്ടുവരുന്ന കടുത്ത ഏകാന്തതയും ഭാവിയിൽ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയവുമാണ് ഇത്തരമൊരു ആപ്പിന് പിന്നിലെ പ്രേരണയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 

കേവലം 1000 ചൈനീസ് യുവാൻ അഥവാ ഏകദേശം 12,000 രൂപ മാത്രം മുടക്കുമുതലിൽ നിർമ്മിച്ച ഈ ചെറിയ ആപ്പ്, ഇന്ന് ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള വലിയൊരു സംരംഭമായി മാറിക്കഴിഞ്ഞു. തുടക്കത്തിൽ ചൈനീസ് യുവാക്കൾക്കിടയിൽ മാത്രം ഒതുങ്ങിനിന്ന ഈ ആപ്പ്, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ആഗോള ശ്രദ്ധ നേടുകയായിരുന്നു.

​ആദ്യഘട്ടത്തിൽ ഇതൊരു വിനോദത്തിനുള്ള ഉപാധിയായി മാത്രമാണ് പലരും കണ്ടിരുന്നത്. എന്നാൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരും പ്രവാസികളും ഇത് കാര്യമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ നിക്ഷേപകർ ഇതിലേക്ക് ആകൃഷ്ടരായി. നിലവിൽ ആപ്പിന്റെ 10 ശതമാനം ഓഹരികൾക്കായി ഏകദേശം 140,000 ഡോളറിലധികം നിക്ഷേപം സമാഹരിക്കാനാണ് ഇതിന്റെ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്..

ആപ്പിന്റെ വിജയത്തിന് പിന്നാലെ, വയോധികർക്കായി കൂടുതൽ കൃത്യമായ ആരോഗ്യ വിവരങ്ങൾ കൈമാറാൻ കഴിയുന്ന സവിശേഷതകളോട് കൂടിയ പുതിയ പതിപ്പുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മരണം എന്ന വിചിത്രമായ പേരിൽ നിന്നും മാറി, ഒരു സുരക്ഷാ സംവിധാനം  എന്ന നിലയിലേക്ക് ആപ്പിനെ വളർത്താനാണ് നിലവിൽ ഡെവലപ്പർമാർ ശ്രമിക്കുന്നത്.

​ചൈനയിലെ പെയ്ഡ് ആപ്പുകളുടെ പട്ടികയിൽ ഒന്നാമതെത്തിയതിന് പിന്നാലെ ഈ ആപ്പ് സിംഗപ്പൂർ, ഓസ്‌ട്രേലിയ, സ്‌പെയിൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ആപ്പ് സ്റ്റോറുകളിലും മുൻനിരയിലേക്ക് എത്തി. ഓരോ രാജ്യത്തെയും സാംസ്‌കാരിക പശ്ചാത്തലം കണക്കിലെടുത്ത് ആപ്പിന്റെ സ്വഭാവത്തിൽ ചെറിയ മാറ്റങ്ങൾ വരുത്താനും കമ്പനി തയ്യാറെടുക്കുന്നുണ്ട്.