കേന്ദ്രത്തിലെ ബിജെപി സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തി. തിരുച്ചിറപ്പള്ളിയിലെ റെയിൽവേ ഡിവിഷൻ ഓഫീസിന്റെ പ്രവേശന കവാടത്തിന് ‘കർതവ്യ ദ്വാർ’ എന്ന് ഹിന്ദിയിൽ പേരിട്ടതിനെതിരെയാണ് അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കൽ ഇപ്പോൾ എല്ലാ അതിർവരമ്പുകളും ലംഘിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് (X) സ്റ്റാലിൻ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ‘ഒരു ഭാഷ, മൂന്ന് ലിപികൾ’ എന്ന പേരിൽ ഹിന്ദി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായി തമിഴ്, ഇംഗ്ലീഷ് ലിപികളിൽ പോലും ഹിന്ദി പേരുകൾ എഴുതുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് തമിഴ് സ്വത്വത്തിനും അന്തസ്സിനും നേരെയുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവിധ കേന്ദ്ര സർക്കാർ ഓഫീസുകളുടെ പേരുകൾ മാറ്റുന്നതിനെയും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഓഫീസുകളുടെ പേര് ‘ഭവിഷ്യ നിധി ഭവൻ’ എന്നാക്കി മാറ്റി.



