കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ കാണാതായ മൂന്നര വയസ്സൂകാരിയെ കണ്ടെത്തി. കുട്ടി വീട്ടിനകത്ത് തന്നെ കിടന്നുറങ്ങുകയായിരുന്നു. ഒരു മണിക്കൂറോളം നേരം പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ വീട്ടിനകത്ത് കണ്ടെത്തിയത്.

വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരിയെ കാണാനില്ലെന്നാണ് ആദ്യം റിപ്പോർട്ട് പുറത്ത് വന്നത്. 11 മണിയോടെയായിരുന്നു ഇത്. പോലീസും നാട്ടുകാരും ചേര്‍ന്ന് സിസിടിവി ഉൾപ്പെടെ പരിശോധിച്ചെങ്കിലും കുട്ടി വീടിന് പുറത്തേക്ക് പോകുന്നത് കണ്ടെത്താനായില്ല.

ഈ സമയത്തെല്ലാം റൂമിനകത്ത് കിടന്നുറങ്ങുകയായിരുന്നു മൂന്നര വയസ്സുകാരി. തുണി കൂട്ടിയിട്ടിരുന്നതിനുള്ളില്‍ കുട്ടി ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. സമീപവാസികള്‍ നടത്തിയ പരിശോധനയ്ക്കിടെ വീട്ടിലെ തുണിക്കള്‍ക്കിടയില്‍ കുട്ടിയുടെ കാല് നീണ്ട് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഉറങ്ങി കിടന്ന കുട്ടിയെ കണ്ടെത്തിയത്.

വീടിന് അകത്ത് തുണി കൂട്ടിയിട്ടിരിക്കുന്നതിന് അടിയിലാണ് കുട്ടി ഉണ്ടായിരുന്നത്. ഉറങ്ങി പോയതിനാൽ കുട്ടി ആളുകളുടെ ബഹളം കേട്ടില്ല.