അമേരിക്കയിൽ ഉപരിപഠനത്തിന് പോയ കർണാടക സ്വദേശിയായ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയെ (22) മരണപ്പെട്ടതായി സ്ഥിരീകരണം. സാകേതിനായി പോലീസ് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. സാകേത് ശ്രീനിവാസയ്യയെ മരിച്ച നിലയിൽ കണ്ടെത്തിയതായി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഞായറാഴ്ച അറിയിച്ചു.

“കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം കണ്ടെടുത്തതായി ലോക്കൽ പോലീസ് സ്ഥിരീകരിച്ചതായി അറിയിക്കുന്നതിൽ കോൺസുലേറ്റ് അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു,” കോൺസുലേറ്റ് പോസ്റ്റിൽ പറഞ്ഞു.

സാകേത് ശ്രീനിവാസയ്യയെ ഫെബ്രുവരി 9 മുതലാണ് കാണാതാകുന്നത്. കാണാതാകുന്നതിന് മുമ്പ്, ഇന്ത്യൻ വിദ്യാർത്ഥിയെ അവസാനമായി കണ്ടത് ബെർക്ക്‌ലി കുന്നുകളിലെ അൻസ തടാകത്തിന് സമീപമായിരുന്നു. അതേസമയം പാസ്‌പോർട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാക്ക്‌പാക്ക് സമീപത്തെ ഒരു വാതിൽപ്പടിയിൽ നിന്ന് കണ്ടെത്തിയതായി ഒരു പ്രാദേശിക മാധ്യമ റിപ്പോർട്ട് പറയുന്നു.