ലോകമെമ്പാടുമുള്ള ദമ്പതികൾ നേരിടുന്ന ഏറ്റവും വലിയ വൈകാരിക പ്രതിസന്ധികളിലൊന്നാണ് ഗർഭം അലസൽ. പലപ്പോഴും ഗർഭധാരണം തിരിച്ചറിയുന്നതിന് മുൻപേ ഭ്രൂണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ട്. മാതൃപ്രായം, ഭക്ഷണക്രമം, ജീവിതശൈലി എന്നിവയെല്ലാം ഇതിന് കാരണമായി പറയാറുണ്ടെങ്കിലും, പലപ്പോഴും കൃത്യമായ ഒരു ഉത്തരം നൽകാൻ ശാസ്ത്രത്തിന് പോലും കഴിഞ്ഞിരുന്നില്ല.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പുതിയ പഠനങ്ങൾ വിരൽ ചൂണ്ടുന്നത് ഗർഭം അലസലിന്റെ കാരണങ്ങൾ ഒരു പെൺകുഞ്ഞ് തന്റെ അമ്മയുടെ ഗർഭപാത്രത്തിൽ വളരുന്ന ഘട്ടത്തിൽ തന്നെ രൂപപ്പെടുന്നു എന്നാണ്. അതായത്, ഒരു സ്ത്രീ അമ്മയാകുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപേ അവളുടെ ശരീരത്തിലെ അണ്ഡങ്ങളിലുണ്ടാകുന്ന ജനിതക മാറ്റങ്ങൾ ഭാവിയിൽ ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഗർഭം അലസുന്നതിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് അനിയുപ്ലോയിഡി. ഒരു കോശത്തിലെ ക്രോമസോമുകളുടെ എണ്ണത്തിലുണ്ടാകുന്ന അസ്വാഭാവികതയെയാണ് ശാസ്ത്രം ഈ പേരിൽ വിളിക്കുന്നത്. ഏകദേശം പകുതിയോളം ഗർഭം അലസലുകളും സംഭവിക്കുന്നത് ഭ്രൂണത്തിലെ ക്രോമസോമുകളുടെ എണ്ണത്തിൽ വരുന്ന ഈ മാറ്റങ്ങൾ മൂലമാണ്.
സാധാരണയായി പ്രായം കൂടുന്തോറും ഈ റിസ്ക് വർധിക്കുമെന്ന് അറിയാമായിരുന്നെങ്കിലും, എന്തുകൊണ്ടാണ് ചിലരിൽ ഇത് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ കുറവായിരുന്നു. എന്നാൽ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ കമ്പ്യൂട്ടേഷണൽ ബയോളജിസ്റ്റ് രാജീവ് മക്കോയിയുടെ നേതൃത്വത്തിൽ നടന്ന പുതിയ പഠനം ഈ നിഗൂഢതയുടെ ചുരുളഴിച്ചിരിക്കുകയാണ്.
1,40,000-ത്തോളം ഐ.വി.എഫ് ഭ്രൂണങ്ങളെ വിശകലനം ചെയ്തതിലൂടെ ഗർഭം അലസലിന് കാരണമാകുന്ന തന്മാത്രാ തലത്തിലുള്ള പാതകളെ തിരിച്ചറിയാൻ ഇവർക്ക് സാധിച്ചു. സ്ത്രീകളുടെ അണ്ഡം രൂപപ്പെടുന്ന പ്രക്രിയയായ മെയോസിസ് ആരംഭിക്കുന്നത് അവർ സ്വന്തം അമ്മയുടെ ഗർഭപാത്രത്തിൽ ആയിരിക്കുമ്പോഴാണ്. അതായത് ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ തന്നെ അവൾക്ക് ഭാവിയിൽ ഗർഭധാരണത്തിന് ആവശ്യമായ അണ്ഡങ്ങളുടെ പ്രാഥമിക രൂപം അവളുടെ ശരീരത്തിലുണ്ടാകും.
ഈ സമയത്ത് ക്രോമസോമുകൾ ജോടിയാകുകയും പരസ്പരം വിഭജിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തിൽ സംഭവിക്കുന്ന നേരിയ പിഴവുകൾ വർഷങ്ങൾക്ക് ശേഷം ഗർഭം അലസലിലേക്ക് നയിക്കാം. മെയോസിസ് പ്രക്രിയ ഇടയ്ക്ക് വെച്ച് താൽക്കാലികമായി നിലയ്ക്കുകയും പിന്നീട് വർഷങ്ങൾക്ക് ശേഷം അണ്ഡോത്പാദന സമയത്ത് പുനരാരംഭിക്കുകയും ചെയ്യുന്നു. ഈ ഇടവേളയിൽ ക്രോമസോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജനിതക ഘടനയിൽ വരുന്ന മാറ്റങ്ങളാണ് വില്ലനാകുന്നത്.
പഠനമനുസരിച്ച് ‘SMC1B’ എന്ന പ്രത്യേക ജീനിലുള്ള വകഭേദമാണ് ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ക്രോമസോമുകളെ വിഭജന സമയത്ത് കൃത്യമായി ചേർത്ത് പിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ നിർമ്മിക്കുന്നത് ഈ ജീനാണ്. ഇതിലൊക്കെയുള്ള മാറ്റങ്ങൾ ക്രോമസോമുകൾ വേഗത്തിൽ വേർപെടാൻ ഇടയാക്കുകയും അത് അനിയുപ്ലോയിഡിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
കൂടാതെ C14orf39, CCNB1IP1, RNF212 തുടങ്ങിയ ജീനുകളും ക്രോമസോമുകളുടെ പുനഃസംയോജനത്തെ ബാധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. എലികളിലും പുഴുക്കളിലും പരീക്ഷണശാലകളിൽ കണ്ടെത്തിയ അതേ തത്വങ്ങൾ തന്നെയാണ് മനുഷ്യരിലും പ്രവർത്തിക്കുന്നതെന്ന് ഈ പഠനം തെളിയിക്കുന്നു.
ഈ കണ്ടെത്തലുകൾ വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ വിപ്ലവത്തിന് വഴിയൊരുക്കും. നിലവിൽ മാതൃപ്രായം മാത്രമാണ് ഒരു പ്രധാന റിസ്ക് ഘടകമായി കാണുന്നത് എങ്കിലും, ഇനി മുതൽ ഓരോ വ്യക്തിയുടെയും ജനിതക ഘടന കൂടി പരിശോധിക്കുന്നതിലൂടെ ഗർഭം അലസാനുള്ള സാധ്യത മുൻകൂട്ടി പ്രവചിക്കാൻ കഴിഞ്ഞേക്കും.
ഇത് വരും കാലങ്ങളിൽ പുതിയ മരുന്നുകൾ വികസിപ്പിക്കാനും ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന ദമ്പതികൾക്ക് കൃത്യമായ ഉപദേശങ്ങൾ നൽകാനും സഹായിക്കും. പ്രായത്തിനപ്പുറം ഓരോ സ്ത്രീയുടെയും ഡി.എൻ.എ ഘടന എങ്ങനെ ഗർഭധാരണത്തെ ബാധിക്കുന്നു എന്ന് മനസ്സിലാക്കുന്നത് പ്രത്യുൽപാദന ജനിതക ശാസ്ത്രത്തിലെ ഒരു നാഴികക്കല്ലാണ്.



