ഇറാൻ-ഇസ്രായേൽ സംഘർഷം ആഗോളതലത്തിൽ രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലും കനത്ത ജാഗ്രതയ്ക്ക് നിർദേശം നൽകി. വിദ്വേഷ പ്രചാരണങ്ങളും പ്രകോപനപരമായ പ്രവർത്തനങ്ങളും കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇറാൻ അനുകൂല തീവ്ര നിലപാടുകൾ സ്വീകരിക്കുന്നവരെയും സംഘർഷത്തിന് കാരണമായേക്കാവുന്ന പ്രസ്താവനകൾ നടത്തുന്നവരെയും നിരീക്ഷിക്കണമെന്നാണ് പ്രധാന നിർദേശം. ഫെബ്രുവരി 28-നാണ് കേന്ദ്രം ഇതുസംബന്ധിച്ച കത്ത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയത്. ആഗോള ഭീകര സംഘടനകളുടെയും തീവ്രവാദികളുടെയും സോഷ്യൽ മീഡിയ ഇടപെടലുകൾ സൂക്ഷ്മമായി പരിശോധിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗോള സാഹചര്യങ്ങൾ മുൻനിർത്തിയുള്ള പ്രകോപനങ്ങൾ ആഭ്യന്തര ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്നും നിർദേശത്തിലുണ്ട്. ഇതിന്റെ ഭാഗമായി അമേരിക്ക, ഇസ്രായേൽ എംബസികൾ, കോൺസുലേറ്റുകൾ, മറ്റ് നയതന്ത്ര ഓഫീസുകൾ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇറാനിയൻ നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. കശ്മീരിൽ പ്രതിഷേധങ്ങൾ സംഘർഷഭരിതമായതും ബന്ദ് ആഹ്വാനം ചെയ്തതും കണക്കിലെടുത്ത് രാജ്യവ്യാപകമായി സമാധാനം നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സർക്കുലറിൽ വ്യക്തമാക്കി.



