പ്രസവശേഷം വൃക്കയ്ക്ക് തകരാർ സംഭവിച്ച സ്ത്രീകളെ കുറിച്ചുള്ള രാജസ്ഥാൻ ആരോഗ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ. രാജസ്ഥാനിലെ ബിക്കാനേറിലാണ് ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിൻവ്സാർ വിവാദ പ്രസ്താവന നടത്തിയത്. മന്ത്രിയുടെ പ്രസ്താവനയെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു.

ബിക്കാനേറിലെ പ്രിൻസ് ബിജയ് സിങ് മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 5 സ്ത്രീകൾക്ക് പ്രസവത്തിന് ശേഷം വൃക്കയ്ക്ക് തകരാർ സംഭവിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതികരിക്കുമ്പോഴാണ് ആരോഗ്യമന്ത്രി വിവാദപരമായ പ്രസ്താവന നടത്തിയത്. ‘‘ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോൾ തന്നെ അവരുടെ നില ഗുരുതരമായിരുന്നു. പ്രിൻസിപ്പൽ സാർ പറയട്ടെ, ഗർഭിണികൾ ഏത് അവസ്ഥയിലാണ് ഇവിടെ എത്തിയതെന്ന്? അവർ വരുമ്പോൾ തന്നെ അവശരായിരുന്നോ? അതോ നൃത്തം ചെയ്താണോ വന്നത്?ആരോഗ്യ പ്രവർത്തകർ ദിവസേനെ നിരവധി പേരെ രക്ഷിക്കുന്നു. പക്ഷേ, അതിനെ കുറിച്ചൊന്നും ആരും ഒന്നും പറയുന്നില്ല. മരണനിരക്കിനെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. 1000 പേർ ആശുപത്രിയിൽ വന്നാൽ രണ്ടുപേർ മാത്രമാണ് മരിക്കുന്നത്. ബാക്കിയുള്ളവർ സുഖം പ്രാപിച്ച് വീട്ടിലേക്ക് പോകുന്നു. ആരും അതിനെ കുറിച്ചൊന്നും സംസാരിക്കുന്നില്ല’’ – മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രതികരണത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. പ്രസവവേദന അനുഭവിക്കുന്ന സ്ത്രീകൾ നൃത്തം ചെയ്തു വരുന്നു എന്ന പ്രസ്താവന മാതൃത്വത്തോടുള്ള അധിക്ഷേപമാണെന്ന് പ്രതിപക്ഷ നേതാവ് ടിക്കാറാം ജുല്ലി പറഞ്ഞു. പാട്ടിനെയും നൃത്തത്തെയും പറ്റിയുള്ള പരിഹാസങ്ങളല്ല, പ്രസവവേദന അനുഭവിച്ച് വരുന്ന സ്ത്രീയ്ക്ക് മികച്ച ആരോഗ്യസൗകര്യങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ അവസ്ഥ വളരെ മോശമാണ്. പ്രസവവേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് ആവശ്യത്തിന് സ്ട്രെക്ച്ചർ പോലും ലഭിക്കുന്നില്ല. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനാണ് ആരോഗ്യ മന്ത്രി ഇത്തരം ഉത്തരവാദിത്തമില്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയുടെ നടപടി ലജ്ജാകരമാണെന്നും സംസ്ഥാനത്തെ ജനങ്ങളോടും സ്ത്രീകളോടും അദ്ദേഹം മാപ്പുപറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.