കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ  വീട്ടിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് സന്ദർശനം നടത്തിയേക്കും. മന്ത്രിയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സന്ദർശനം. സംഭവത്തിൽ വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടകൾ വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. 

മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെ പതിനാലാം വാർഡിലെ കെട്ടിടമാണ് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. 14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. 

അഗ്നിരക്ഷാ സേനയും, പോലീസും അടക്കമുള്ള സ്ഥലത്തെത്തിയാണ് കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തത്. എന്നാൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിന്ദുവിനെ കണ്ടെത്തുന്നത് അവശനിലയിലായിരുന്നു. അതിനിടെ തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് ആരോഗ്യ മന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കെഎസ് യു, യുവമോർച്ച തുടങ്ങിയ സംഘടനകളും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജി എന്ന ആവശ്യം ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയിരുന്നു.