ശബരിമല യുവതീ പ്രവേശന സമയത്ത് നടന്ന ഗൂഢാലോചനകൾ ഇപ്പോൾ വ്യക്തമായെന്ന് മന്ത്രി എം ബി രാജേഷ്. സർക്കാരിനെതിരെ തന്ത്രി നടത്തിയ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് മലബാർ ഡിസ്റ്റിലറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

‘തന്ത്രിക്ക് മാത്രം എന്താണ് പ്രത്യേകത’, മന്ത്രി എം ബി രാജേഷ് ചോദിച്ചു. ശബരിമല യുവതീ പ്രവേശന സമയത്ത് എന്തെല്ലാം ഗൂഢാലോചന നടന്നുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന ഗൂഢാലോചനകൾ പിന്നീട് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റാരോപിതനായ ആളെയല്ല ഹൈക്കോടതിയെയാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. പ്രതിപക്ഷത്തിന്‍റെ പരാജയ ഭീതിയാണ് റീത്ത് വെച്ചുള്ള പ്രതിഷേധത്തിന് കാരണം. ഇനിയും ഇതു പോലുള്ള നാടകങ്ങൾ പ്രതീക്ഷിക്കാം’, മന്ത്രി പറഞ്ഞു. സർക്കാരിനെതിരെ ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

മലബാർ ഡിസ്റ്റിലറിയുടെ ഉദ്ഘാടന ചടങ്ങിൽ വി കെ ശ്രീകണ്ഠൻ എം പിയുടെ അസാന്നിധ്യം നിരാശയുണ്ടാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. തറക്കല്ലിടൽ ചടങ്ങിൽ എം പിയുടെ നിർദേശം പണി പെട്ടെന്ന് പൂർത്തിയാക്കണം എന്നതായിരുന്നു. ആ നിർദേശം സർക്കാർ നടപ്പാക്കിയിരിക്കുന്നു. 

അക്കാര്യം അദ്ദേഹം മാധ്യമങ്ങളിലൂടെ അറിയുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എലപ്പുള്ളിയിൽ സ്വകാര്യ മദ്യ നിർമ്മാണശാലക്ക് അനുമതി നൽകിയപ്പോൾ സർക്കാർ ഡിസ്റ്റിലറി എവിടെ എന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടിയാണിതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.