ഭിന്നശേഷി സംവരണ നിയമന വിവാദത്തിൽ സമവായ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചങ്ങനാശ്ശേരി അതിരൂപതാ ആസ്ഥാനത്തെത്തി ആർച്ച് ബിഷപ്പ് തോമസ് തറയലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സൗഹാർദപരമായ ചർച്ചയാണ് നടത്തിയതെന്ന് കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും ബന്ധപ്പെട്ട ആൾക്കാരുടെ യോ​ഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആയിരക്കണക്കിന് അധ്യാപകർ ശമ്പളമില്ലാതെയും ദിവസ വേതനത്തിലും കഴിയുന്നു എന്നുള്ളത് ക്രൈസ്തവ സഭകളുടെ മാത്രമോ ക്രൈസ്തവ മാനേജ്മെന്റിന്റെ മാത്രമോ പ്രശ്നമല്ല. പൊതു സമൂഹത്തിന്റെ പ്രശ്നമായാണ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മുന്നിൽ അവതരിപ്പിച്ചത്. അതിനെ വളരെ പോസിറ്റീവായിട്ടുള്ള ഒരു നീക്കം മന്ത്രി സഭ നടത്തുന്നതിൽ സന്തോഷമുണ്ട്. ഉന്നതതല യോ​ഗം ചേർന്ന് പ്രശ്ന പരിഹാരത്തിന് ആവശ്യമായ നടപടിയെടുക്കും എന്നുള്ളത് വളരെ ആശ്വാസകരമാണ് – ആർച്ച് ബിഷപ്പ് തോമസ് തറയൽ പറഞ്ഞു.

ഭിന്നശേഷി സംവരണ നിയമനത്തിൽ ക്രൈസ്തവ സഭകളുടെ പ്രതിഷേധം തണുപ്പിക്കാനാണ് നേരിട്ട് മതമേലധ്യക്ഷന്മാരെ വിദ്യാഭ്യാസ മന്ത്രി കാണ്ടത്. മുമ്പ് ക്രൈസ്തവ മാനേജ്മെന്റുകളെ വെല്ലുവിളിച്ച ശിവൻകുട്ടി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അനുനയ നീക്കം നടത്തുന്നത്. സഭകൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഹരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി നൽകുന്ന ഉറപ്പ്. വിമോചന സമരത്തെ അടക്കം ഓർമിപ്പിച്ച്, സഭ നേതൃത്വങ്ങളോട് വിരട്ടാൻ നോക്കണ്ട എന്ന് പറഞ്ഞ മന്ത്രി വി ശിവൻകുട്ടിയാണ് ഒടുവിൽ യു-ടേൺ എടുക്കുന്നത്. ഭിന്നശേഷി സംവരണ നിയമനത്തിൽ എൻഎസ്എസിന് കിട്ടിയ ആനുകൂല്യം വേണം എന്നായിരുന്നു ക്രൈസ്തവ സഭകളുടെ ആവശ്യം. ഇതിനെതിരെ കടുത്ത ഭാഷയിൽ ആയിരുന്നു മുമ്പ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.പക്ഷേ പിന്നീട് സഭയുടെ രോഷം തണുപ്പിക്കണമെന്ന് മാനേജ്മെന്റുകളുമായി അനുനയത്തിൽ പോകണമെന്നും സിപിഎം തീരുമാനിച്ചു. കർദിനാൾ ക്ലിമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് സഭകളുടെ ആശങ്ക പരിഹരിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതാണ്. ഇതിന് പിന്നാലെ രാഷ്ട്രീയ തീരുമാന പ്രകാരമാണ് മന്ത്രി വി ശിവൻകുട്ടി ഇന്ന് ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് എത്തിയത്. പഴയ പോർവിളി മറന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. സർക്കാരും സഭയുമായുള്ള മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയ ജോസ് കെ മാണിയും ഒപ്പമുണ്ടായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ സഭയുടെ ആശങ്കകൾ അറിയിച്ചു. എല്ലാം പരിഹരിക്കും എന്ന് മന്ത്രി പറഞ്ഞു.