സൈനികാവശ്യങ്ങൾക്കായുള്ള ചെലവ് റെക്കോർഡ് തലത്തിലേക്ക് കുതിച്ചുയർന്നു. 2024-ൽ ലോകരാഷ്ട്രങ്ങൾ മൊത്തം 2.7 ട്രില്യൺ ഡോളറാണ് (ഏകദേശം 224 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) സൈനിക കാര്യങ്ങൾക്കായി ചെലവഴിച്ചതെന്ന് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SIPRI) ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 9 ശതമാനത്തിന്റെ വർദ്ധനവാണ് 2024-ൽ രേഖപ്പെടുത്തിയത്. കുറഞ്ഞത് 1992-ന് ശേഷം സൈനിക ചെലവിൽ ഉണ്ടാകുന്ന ഏറ്റവും വലിയ വാർഷിക വർദ്ധനവാണിത്.

ലോകമെമ്പാടുമുള്ള സംഘർഷങ്ങളും വർദ്ധിച്ചുവരുന്ന ഭീഷണിയുമാണ് ഈ വർദ്ധനവിന് പ്രധാന കാരണം. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം, ഗാസയിലെ യുദ്ധം, ഏഷ്യ-പസഫിക് മേഖലയിലെ വർധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ ഈ മേഖലകളിൽ ചെലവ് കുത്തനെ ഉയരാൻ കാരണമായി. ലോകത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 2.5 ശതമാനമാണ് നിലവിൽ സൈനികാവശ്യങ്ങൾക്കായി ചെലവഴിക്കുന്നത്.

സൈനികാവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളിൽ അമേരിക്ക, ചൈന, റഷ്യ, ജർമ്മനി, ഇന്ത്യ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഈ അഞ്ച് രാജ്യങ്ങൾ മാത്രം ആഗോള സൈനിക ചെലവിന്റെ 60 ശതമാനവും വഹിക്കുന്നു. യൂറോപ്പിലെ മൊത്തം സൈനിക ചെലവ് 17 ശതമാനമായി വർദ്ധിച്ചു.

ഇന്ത്യയുടെ സൈനിക ചെലവ് 2024-ൽ 86.1 ബില്യൺ ഡോളറായി (ഏകദേശം 7.15 ലക്ഷം കോടി രൂപ) ഉയർന്നു. 2023-നെ അപേക്ഷിച്ച് 1.6 ശതമാനത്തിന്റെ വർധനവാണിത്. പാകിസ്താന്റെ സൈനിക ചെലവിനേക്കാൾ ഏകദേശം ഒമ്പത് ഇരട്ടിയോളം വരും ഇന്ത്യയുടെ ഈ വർഷത്തെ ചെലവ്.

യുദ്ധങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന യൂറോപ്പിലും, മിഡിൽ ഈസ്റ്റിലുമാണ് സൈനിക ചെലവ് വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നത്. ഈ വർദ്ധനവ് ലോകമെമ്പാടുമുള്ള സുരക്ഷാ ആശങ്ക വർദ്ധിപ്പിക്കുകയും, കൂടുതൽ രാജ്യങ്ങളെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി സിപ്രി റിപ്പോർട്ട് വിലയിരുത്തുന്നു.