പാചകവാതകം ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും സ്കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുകയിൽ മാറ്റം വരുത്താതെ അധികൃതർ. പ്രതിദിന ചെലവുകൾക്ക് സർക്കാർ അനുവദിക്കുന്ന പണം തികയാതെ വരുന്നതോടെ അധ്യാപകർ സ്വന്തം കീശയിൽ നിന്നാണ് ബാക്കി തുക കണ്ടെത്തുന്നത്. വിലക്കയറ്റത്തിനൊപ്പം പുതിയ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള മെനു കൂടി വന്നതോടെ അധ്യാപകരുടെ സാമ്പത്തിക ബാധ്യത വലിയ തോതിൽ വർധിച്ചിരിക്കുകയാണ്.
ഉച്ചഭക്ഷണ വിഹിതമായി എൽപി വിഭാഗത്തിൽ ഒരു കുട്ടിക്ക് 6.78 രൂപയും യുപി വിഭാഗത്തിൽ 10.17 രൂപയുമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഈ തുകയിൽ നിന്നാണ് പച്ചക്കറി മുതൽ പാചകവാതകം വരെയുള്ളവ വാങ്ങേണ്ടത്. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ സ്കൂൾ ഉച്ചഭക്ഷണ മെനു പുതുക്കിയതോടെ നിലവിൽ അനുവദിക്കുന്ന തുക ഒന്നിനും മതിയാകാത്ത അവസ്ഥയാണ്. എഗ് ഫ്രൈഡ് റൈസും മുട്ട റോസ്റ്റും ഉൾപ്പെടെ ഓരോ ദിവസവും നൽകേണ്ട വിഭവങ്ങളുടെ പുതിയ പട്ടിക പുറത്തിറക്കിയിരുന്നു. ഈ മെനു പാലിക്കാൻ ബുദ്ധിമുട്ടുന്നതിനിടെയാണ് വലിയ വിലക്കയറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത്.
സ്കൂളുകളിലേക്കുള്ള അരി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എഫ്സിഐ വഴി സൗജന്യമായാണ് നൽകുന്നത്. ഉച്ചഭക്ഷണ വിഹിതമായി നൽകുന്ന തുകയ്ക്ക് പുറമേ മുട്ടയ്ക്കും പാലിനും സംസ്ഥാന സർക്കാർ പ്രത്യേകം പണം അനുവദിക്കും. എന്നാൽ വിപണിയിൽ പാൽ വില ലിറ്ററിന് 64 രൂപയിൽ എത്തിയപ്പോഴും 52 രൂപ മാത്രമാണ് സർക്കാർ ഇതിനായി അനുവദിക്കുന്നത്. എഗ് കോർഡിനേഷൻ കമ്മിറ്റി നിശ്ചയിക്കുന്ന മുട്ട വില മിക്കപ്പോഴും വിപണി വിലയെക്കാൾ കുറവുമായിരിക്കും. ഇവ വാങ്ങുന്നതിനും അധ്യാപകർ അധിക പണം കണ്ടെത്തേണ്ട ഗതികേടിലാണുള്ളത്.
പാചകത്തിനായി ഗാർഹിക സിലിണ്ടറുകളാണ് സ്കൂളുകളിൽ കൂടുതലും ഉപയോഗിക്കുന്നത്. ഇവയുടെ വിലയിൽ അടുത്തിടെ 70 രൂപയുടെ വർധനയുണ്ടായി. വാണിജ്യ സിലിണ്ടറുകൾക്ക് 1000 രൂപയിലേറെ വർധനയാണ് ഉണ്ടായത്. കുട്ടികൾ കുറവുള്ള സ്കൂളുകളിൽ പോലും മാസം രണ്ടിലേറെ സിലിണ്ടറുകൾ ആവശ്യമായി വരുന്നുണ്ട്. 1000 കുട്ടികളുള്ള സ്കൂളിൽ മാസം 10 സിലിണ്ടറുകളോളം വേണ്ടിവരും. പാചകവാതക വിലയിലെ ഈ വലിയ വർധന അധ്യാപകരുടെ സാമ്പത്തിക ബുദ്ധിമുട്ട് വീണ്ടും കൂടാൻ ഇടയാക്കുന്നുണ്ട്.



