റ്റ് പൊതുഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് ‘അല്പം ഉയർന്ന’ നിലവാരത്തിലുള്ള യാത്ര വാഗ്ദാനം ചെയ്യുന്ന ഒന്നാണ് മെട്രോകൾ. സ്വാഭാവികമായും ‘മെട്രോ സംസ്കാരമെന്ന’ (Metro Culture) പദപ്രയോഗം തന്നെ ഇതുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിട്ടുണ്ട്. ബസ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി മെട്രോ യാത്രക്കാർ ചില പൊതുമര്യാദകൾ പാലിക്കപ്പെടുന്നുവെന്ന ധാരണ ഇത് സൃഷ്ടിച്ചു. എന്നാൽ, ആ ധാരണ വെറും മിഥ്യയാണെന്ന് അടുത്ത കാലത്തെ ചില അനുഭവങ്ങൾ തെളിയിക്കുന്നു. ഇതോടെ മെട്രോ യാത്രക്കാരെ ‘നല്ല ശീലം’ പഠിപ്പിക്കാൻ ബെംഗളൂരു നമ്മ മെട്രോ അധികാരികളും തീരുമാനിച്ചു. ഇതിന്‍റെ ഫലമായി നമ്മ മെട്രോയിൽ കഴിഞ്ഞ ഒരു വർഷം യാത്ര ചെയ്ത ഒരു ലക്ഷം പേർക്കാണ് അധികൃതർ പിഴ ശിക്ഷ വിധിച്ചത്.

കുറ്റങ്ങൾ

മെട്രോ മര്യാദകൾ പാലിക്കാൻ ശബ്ദം, സീറ്റ് ദുരുപയോഗം, മറ്റ് നിരോധിത പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് യാത്രക്കാർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, അത് പാലിക്കപ്പെടാത്തതിനെ തുടർന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) കഴിഞ്ഞ വർഷം ഒരു ലക്ഷത്തിലധികം യാത്രാ നിയമ ലംഘന കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഹെഡ്‌ഫോൺ ഉപയോഗിക്കാതെ മൊബൈൽ ഫോണുകളിൽ മറ്റ് യാത്രക്കാർക്ക് ശല്യമാകുന്ന രീതിയിൽ ഉച്ചത്തിൽ സംഗീതം കേൾക്കുക, മുതിർന്നവർക്കും സ്ത്രീകൾക്കും അംഗപരിമിതർക്കുമായി റിസർവ് ചെയ്ത സീറ്റുകൾ അനധികൃതമായി കൈയടക്കുക. ട്രെയിനുകൾക്കുള്ളിൽ വച്ച് ഭക്ഷണം കഴിക്കുക, മെട്രോയിൽ മാലിന്യം നിക്ഷേപിക്കുക. ഗുട്ട്കയും പാനും ചവച്ച് മെട്രോയ്ക്കുള്ളിൽ തുപ്പുക തുടങ്ങിയ സിവിക് സെന്‍സില്ലാത്ത നിയമലംഘനങ്ങൾക്കാണ് കൂടുതലും പിഴ ചുമത്തിയിരിക്കുന്നത്. ഇത്തരത്തിൽ പിഴ ചുമത്തുന്നതിലൂടെ യാത്രക്കാരെ മെട്രോ മര്യാദകൾ ശീലിപ്പിക്കാൻ കഴിയുമെന്ന് അധികൃതർ കരുതുന്നു.

ഒരു ലക്ഷം പേർക്ക് പിഴ

ഹെഡ്‌ഫോണില്ലാതെ ഉച്ചത്തിലുള്ള സംഗീതമോ മറ്റ് വീഡിയോകളോ കേട്ടതിന് 57,538 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഗർഭിണികൾ, മുതിർന്ന പൗരന്മാർ, വികലാംഗർ എന്നിവർക്കായി റിസർവ് ചെയ്ത സീറ്റുകൾ മറ്റ് യാത്രക്കാർ കൈയടക്കിയതുമായി ബന്ധപ്പെട്ട് 37,038 കേസുകളും രജിസ്റ്റർ ചെയ്തു. മെട്രോ ട്രെയിനുകൾക്കുള്ളിൽ ഭക്ഷണം കഴിച്ചതിന് 1,907 കേസുകളും യാത്രയ്ക്കിടെ ഗുട്ട്കയോ പാനോ ചവച്ചതിന് 1,677 കേസുകളും രജിസ്റ്റർ ചെയ്തു. ഇത്തരം പെരുമാറ്റങ്ങൾ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും പൊതുഇടത്തെ അപമാനിക്കുകയും ചെയ്യുന്നെന്ന് അധികൃതർ കൂട്ടിച്ചേർത്തു.