അർജന്റീനൻ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. കൊല്‍ക്കത്ത, മുംബയ്, അഹമ്മദാബാദ്, ന്യൂഡല്‍ഹി എന്നീ നഗരങ്ങളില്‍ മെസി സന്ദർശനം നടത്തുമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടുക്കാഴ്ച നടത്തുമെന്നുമാണ് വിവരം. മെസി പങ്കെടുക്കുന്ന ചടങ്ങിനായി മുംബയിലെ വാങ്കഡെ സ്റ്റേഡിയം ബുക്ക് ചെയ്‌തതായും ഇതു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഡിസംബർ 12ന് രാത്രി 10 മണിയോടെ കൊല്‍ക്കത്തിയിലാണ് മെസി എത്തുക. കൊല്‍ക്കത്തയില്‍ രണ്ട് ദിവസം താരമുണ്ടാകും. പിറ്റേ ദിവസം രാവിലെ 9ന് മീറ്റ് ആൻഡ‌് ഗ്രീറ്റ് പരിപാടി. തുടർന്ന് വി.ഐ.പി റോഡില്‍ തന്റെ 70 അടിയുള്ള പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന് ബംഗാള്‍ മുഖ്യ മന്ത്രി മമത ബാനർജിയും മറ്ര് പ്രമുഖരും അണിനിരക്കുന്ന പരിപാടികളിലും താരം പങ്കെടുക്കും.

13ന് അഹമ്മദാബാദില്‍ അദാനി ഫൗണ്ടേഷന്റെ ആസ്ഥാനമായ ശാന്തിഗ്രാമില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കും. 14ന് വൈകിട്ടാണ് വാങ്കഡെയിലെ പരിപാടി. ഡിംസബർ 15ന് ഡല്‍ഹിയില്‍ പ്രധാന മന്ത്രിയെ സന്ദർശിക്കും. ഫിറോസ് ഷാ കോട്‌ലയിലെ പരിപാടിയിലും പങ്കെടുക്കും.