കൊല്ലം: അയിഷാ പോറ്റി വർഗവഞ്ചകയാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും എന്നതിന് ഉദാഹരണമാണ് അയിഷാ പോറ്റി ഇപ്പോൾ കാണിച്ചിരിക്കുന്ന പ്രവർത്തിയെന്നും ഈ വഞ്ചനയെ നേരിടാനുള്ള കരുത്ത് കൊല്ലത്തെ പാർട്ടിക്കുണ്ടെന്നും അവർ പറഞ്ഞു. പ്രതിഷേധങ്ങൾക്ക് മുതിരില്ലെന്നും സംയമനത്തോടെ ഈ സാഹചര്യത്തെ നേരിടുമെന്നും മേഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി.

‘അയിഷാ പോറ്റിക്ക് പാർട്ടിയിൽ നിന്ന് വിട്ടുപോകാനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും കൊല്ലത്ത് ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടെന്ന് കരുതുന്നുമില്ല. ദീർഘകാലമായി പാർട്ടി എല്ലാവിധ അംഗീകാരങ്ങളും നൽകി ചേർത്തുപിടിച്ച്, വളർത്തിയ ആളാണ് അയിഷാ പോറ്റി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് ടേം എംഎൽഎ, പാർട്ടി ജില്ലാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷന്റെ എക്‌സിക്യുട്ടീവ് തുടങ്ങി ബഹുജനസംഘടനാ തലത്തിലും പാർട്ടി തലത്തിലും ജനാധിപത്യ വേദികളിലും അർഹതപ്പെട്ടതിന് അപ്പുറമുള്ള സ്ഥാനമാനങ്ങളും കൊല്ലത്തെ പാർട്ടി അയിഷാ പോറ്റിക്ക് നൽകിയതാണ്.’ അവർ പറഞ്ഞു.

‘ഇപ്പോൾ പൊടുന്നനെ ഇങ്ങനെ ഒരു തീരുമാനം എടുത്ത് പാർട്ടി മാറിയതിന് ഒരു ന്യായവും ഇല്ല. എന്റെ മാറ്റത്തിനെ സഖാക്കൾ ‘വർഗ വഞ്ചന’ എന്ന് പറയുമായിരിക്കും എന്ന് അയിഷാ പോറ്റി പറയുന്നതായി ഞാൻ കേട്ടു. അപ്പോൾ വർഗ വഞ്ചനയാണ് കാട്ടിയത് എന്ന് അയിഷാ പോറ്റിക്ക് അറിയാം. എല്ലാ മനുഷ്യർക്കും വേണ്ടിയാണ് നിൽക്കുന്നതെന്നും അവർ പറഞ്ഞു, അങ്ങനെ എല്ലാ മനുഷ്യന്മാർക്കും വേണ്ടിയാണ് നിൽക്കുന്നതെങ്കിൽ എങ്ങനെയാണ് കോൺഗ്രസിൽ പോകാൻ പറ്റുക.’ മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.

‘ഏതു പ്രശ്‌നത്തിനാണ് കോൺഗ്രസ് ഇതുവരെയും സാധാരണക്കാരായ മനുഷ്യർക്കൊപ്പം നിന്നിട്ടുള്ളത്. എനിക്ക് ഒരു സ്ഥാനമാനവും വേണ്ട എന്നും അയിഷാ പോറ്റി പറയുന്നതായി കേട്ടു, അതിനോടൊപ്പം തന്നെ കൊട്ടാരക്കാരയിൽ മത്സരിക്കുമെന്നും പറയുന്നു. അപ്പോൾ അത് സ്ഥാനമാനങ്ങൾക്കുള്ള ആർത്തി തന്നെയല്ലേ. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി ഒരു മനുഷ്യനെ എങ്ങനെ വഷളാക്കും എന്നതിന്റെ ഉദാഹരണമാണ് അയിഷാ പോറ്റി. അതിനപ്പുറം ഞാൻ ഒന്നും പറയുന്നില്ല.’ മുൻ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘അയിഷാ പോറ്റിയെ പറ്റി ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. വളരെ നല്ല സൗഹൃദം പുലർത്തിയിരുന്നു ഞങ്ങളെല്ലാവരും. അയിഷാ പോറ്റിയുടെ ഭാഷയിൽതന്നെ പറഞ്ഞാൽ, വർഗ വഞ്ചന തന്നെയാണ് അവർ കാട്ടിയിരിക്കുന്നത്. രാജ്യത്തെ ഏക ബദലാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ, ആ ബദലിന് എതിരെ നിൽക്കുന്ന ഏതൊരു നീക്കവും തൊഴിലാളികളോടും കൃഷിക്കാരോടും നാടിനോടുമുള്ള വഞ്ചനയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.’ അവർ പറഞ്ഞു.

‘ഈ വഞ്ചനയെ നേരിടാനുള്ള കരുത്ത് കൊല്ലം ജില്ലയിലെ പ്രസ്ഥാനത്തിനുണ്ട്. ഞങ്ങളത് നേരിടും. ഇതിനെ എതിർത്ത് യാതൊരു പ്രതിഷേധവും നടത്തേണ്ട ആവശ്യമില്ല ഞങ്ങൾക്ക്. ഈ രാജ്യത്തെ തൊഴിലാളികളെയും കൃഷിക്കാരെയും സംരക്ഷിക്കാൻ, ജനങ്ങളുടെ പോരാട്ടത്തിൽ മുഴുവൻ ആളുകളെയും അണിനിരത്താൻ എല്ലാ ശക്തിയും കൊല്ലം ജില്ലയിൽ പാർട്ടിക്കുണ്ട്. വളരെ സംയമനത്തോടെ ഞങ്ങൾ ഇതിനെ നേരിടും.’ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.