പത്തനംതിട്ട: അടൂരിലെ സ്വകാര്യ ഹോട്ടലിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടവും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനുമായി കൂടിക്കാഴ്ച. എന്നാൽ കൂടിക്കാഴ്ച തികച്ചും അവിചാരിതമായിരുന്നുവെന്നും മുൻ കൂട്ടി തീരുമാനിച്ചതോ രാഷ്ട്രീയമായ വിഷയങ്ങളോ ചർച്ചയ്ക്ക് പിന്നിൽ ഉണ്ടായിട്ടില്ലെന്ന് എംപി വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
സ്വകാര്യ ഹോട്ടലിൽ പ്രഭാത ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് രാഹുൽ മാങ്കൂട്ടം അങ്ങോട്ടേയ്ക്ക് എത്തിയത്. റെസ്റ്റോറന്റിൽ തന്റെ ഒരു സുഹൃത്തിനെ കാണാൻ വേണ്ടിയാണ് രാഹുൽ എത്തിയതെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി.പാലക്കാട് സീറ്റിലെ സ്ഥാനാർഥിത്വം സംബന്ധിച്ച യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ല.
പാലക്കാട് എംപിയെന്ന നിലയിൽ പാലക്കാട് എംഎൽഎയുമായി സംസാരിക്കിതിരിക്കാന് കഴിയില്ല. സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പാർട്ടി ഹൈക്കമാൻഡ് ആണെന്നും സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ട്രിയുടെ നേതൃത്വത്തിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഇതിൽ തനിക്ക് ഇടപെടേണ്ടതായ യാതൊരു സാഹര്യവുമില്ലെന്നും വി.കെ. ശ്രീകണ്ഠൻ വ്യക്തമാക്കി.



