കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ രാജ്യസഭാ നാമനിർദ്ദേശ പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടിയിൽ ഇടപെടാൻ  വിസമ്മതിച്ചു സുപ്രീം കോടതി. തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്ന ഘട്ടത്തിൽ കോടതികൾക്ക് അതിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഹർജി തള്ളിയത്. 

മീനാക്ഷി നടരാജൻ സമർപ്പിച്ച ഫോം 26 അപൂർണ്ണമായിരുന്നുവെന്നും, തനിക്കെതിരെ നിലവിലുള്ള ഒരു പരാതിയെക്കുറിച്ചുള്ള (Complaint case) വിവരങ്ങൾ അവർ വെളിപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാണിച്ചാണ് റിട്ടേണിംഗ് ഓഫീസർ പത്രിക തള്ളിയത്. ഈ കേസിൽ മീനാക്ഷി നടരാജൻ മുൻപ് രേഖാമൂലം വിശദീകരണം നൽകിയിട്ടുള്ളതിനാൽ കേസിന്റെ വിവരങ്ങൾ അവർക്ക് കൃത്യമായി അറിയാമായിരുന്നു എന്നും റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മീനാക്ഷി നടരാജന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വി, ഈ ഹർജി തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ വേണ്ടിയുള്ളതല്ലെന്നും മറിച്ച് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ വേണ്ടിയുള്ളതാണെന്നും അതിനാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 329(b) പ്രകാരമുള്ള വിലക്ക് ഇതിന് ബാധകമല്ലെന്നും വാദിച്ചു.

എന്നാൽ, കോടതി ഈ വാദം അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുമ്പോൾ ജുഡീഷ്യൽ ഇടപെടൽ പാടില്ലെന്ന ചരിത്രപ്രസിദ്ധമായ ‘പൊന്നുസ്വാമി’ കേസിലെ വിധിയിലെ തത്വങ്ങൾ ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഹർജി നിരസിച്ചത്. ചില പ്രത്യേക കേസുകളിൽ മാത്രം കോടതിക്ക് ഇളവുകൾ നൽകി ഇടപെടാനാകില്ലെന്നും പത്രിക തള്ളിയതിനെ ചോദ്യം ചെയ്യാൻ തിരഞ്ഞെടുപ്പിന് ശേഷം ‘ഇലക്ഷൻ പെറ്റീഷൻ’ സമർപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും അവസാനിച്ചതിന് ശേഷം, ഉചിതമായ ഹൈക്കോടതിയെ സമീപിച്ച് ഇലക്ഷൻ പെറ്റീഷൻ വഴി പത്രിക തള്ളിയ നടപടിയെ ചോദ്യം ചെയ്യാനുള്ള അവകാശം മീനാക്ഷി നടരാജന് ഉണ്ടെന്ന് കോടതി വ്യക്തമാക്കി. റിട്ടേണിംഗ് ഓഫീസറുടെ തീരുമാനത്തിനെതിരെ മീനാക്ഷി നടരാജൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നുവെന്നും ജൂൺ 10-ന് കമ്മീഷന് മുന്നിൽ നേരിട്ട് വാദം കേട്ടിരുന്നുവെങ്കിലും ഇതുവരെ അതിൽ ഉത്തരവുകളൊന്നും വന്നിട്ടില്ലെന്നും കോടതി ബെഞ്ച് നിരീക്ഷിച്ചു.