നീറ്റ് പരീക്ഷയിലെ തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പരീക്ഷ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് രംഗത്ത്. നീറ്റിന് പകരം പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നുവെന്നും ദേശീയതലത്തില്‍ ഇത്തരം പരീക്ഷകള്‍ നടത്തുന്നതിലെ ഘടനാപരമായ പിഴവുകള്‍ക്കുള്ള തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങളെന്നും വിജയ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

2024ല്‍ ആറ് സംസ്ഥാനങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നതിനെ തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി പരീക്ഷാ പരിഷ്‌കാരങ്ങള്‍ക്കായി 95 നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ശുപാര്‍ശകള്‍ വന്നതിന് രണ്ട് വര്‍ഷത്തിനുള്ളില്‍ വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവിക്കുകയും പരീക്ഷ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തതോടെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണെന്ന് വിജയ് ചൂണ്ടിക്കാട്ടി. നഗരപ്രദേശങ്ങളിലെ സാമ്പത്തികമായി മുന്നിലുള്ള വിദ്യാര്‍ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവര്‍ക്കും മാത്രം ഗുണകരമാകുന്ന രീതിയിലാണ് നീറ്റ് പരീക്ഷ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

നീറ്റ് പരീക്ഷ ആരംഭിച്ചതു മുതല്‍ തന്നെ തമിഴ്‌നാട് ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്കും തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്കും നീറ്റ് വലിയ തിരിച്ചടിയാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നത്. എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നടത്താന്‍ നിയമപരമായ അനുമതി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം