ട്രക്കിങ് പ്രേമികൾ ആണോ നിങ്ങൾ? എങ്കിൽ ഇവിടം സ്വർഗമാണ്. മഞ്ഞും,മഴയും,തണുപ്പും, പച്ചപ്പും,വെള്ള ചാട്ടവും കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മലനിരകളും. പറഞ്ഞു വരുന്നത് റീലുകളിൽ വൈറലായ മഹാരാഷ്ട്രയുടെ സ്വന്തം മാതേരനെ കുറിച്ചാണ്. മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മാതേരന്‍ നല്ല ഒന്നാന്തരം മഴക്കാല സ്പോട്ടാണ്.
മാതേരനിൽ എങ്ങനെ എത്താം
ഇവിടെ മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനമില്ല, പിന്നെ എങ്ങനെ എത്തിപ്പെടുമെന്ന് ചോദിച്ചിച്ചാൽ ദാ ഇങ്ങനെ എത്താം. അതും കുറഞ്ഞ ചെലവിൽ. ലക്ഷ്യം മാതേരനാണ് മാർഗം ട്രെയിനും. മഹാരാഷ്ട്രയിലെ പനവേലില്‍ നിന്നും 50 കിലോമീറ്ററും മുംബൈയില്‍ നിന്നും 90 കിലോ മീറ്ററും പൂനെയില്‍ നിന്ന് 120 കിലോ മീറ്ററുമാണ് മാതേരനിലേക്കുള്ള ദൂരം.
കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്കുള്ള ട്രെയിനിൽ കയറി പൻവേലിൽ ഇറങ്ങുക. അവിടെ നിന്ന് ട്രെയിനിൽ താനെ – താനെയിൽ നിന്ന് നേരലിലേക്ക്… നേരലിൽ എത്തിക്കഴിഞ്ഞാൽ മാതേരനിലേക്ക് പോകാൻ നിങ്ങളെ കത്ത് അവിടെ ഷെയർ ടാക്സികൾ ഉണ്ടാകും. ഒന്നും നോക്കണ്ട കയറിക്കോ… ആ ടാക്‌സി നിങ്ങളെ ദസ്‌തൂരി നാക്കയിലെത്തിക്കും… പോകുന്ന വഴികൾ നിങ്ങളെ മടപ്പിക്കില്ല…മനോഹരമായ കാഴ്ച്ചകൾ കൊണ്ട് അത്ഭുതപ്പെടുത്തും.
വെൽകം ടു മാതേരൻ
ദസ്തൂരി നാക്കയിലെത്തി അവിടെ നിന്ന് 50 രൂപയുടെ ടിക്കറ്റ് എടുത്ത് അകത്തേക്ക് കടന്നാൽ ആദ്യമെത്തുക അമാൻ ലോഡ്ജിലാണ്. അവിടെ നിന്ന് മാതേരനിലേക്ക് എത്താൻ നാല് മാർഗങ്ങളാണ് ഉള്ളത്… ഒന്ന് കാൽ നട, രണ്ട് ടോയ് ട്രെയിൻ, മൂന്ന് കുതിര സവാരി, നാല് ഇലക്ട്രിക് ഓട്ടോകൾ. ഈ നാല് മാർഗങ്ങളും നാല് അനുഭവങ്ങളാണ് യാത്രപ്രേമികൾക്ക് സമ്മാനിക്കുന്നത്.
അമൻ ലോഡ്ജിൽ നിന്ന് മാതേരനിലേക്കും തിരിച്ചും നിശ്ചിത സമങ്ങളിൽ ടോയ് ട്രെയിനുകൾ ഉണ്ടാകും …കാൽ നടയായി മാതേരന്റെ സൗന്ദര്യം ആസ്വദിക്കുന്നത് വേറെ ഒരു വൈബാണ്. പോകുന്ന വഴികളിൽ ഒക്കെയും നിരവധി വ്യൂ പോയിന്റുകൾ ഉണ്ട്… ലിറ്റില്‍ ചൗക്ക് പോയന്‍റ്, ലൂസിയ പോയന്‍റ്, മങ്കി പോയിന്റ് , എക്കോ പോയന്റ്, കിങ് ജോർജ് പോയന്റ് , കിങ് എഡ്വേർഡ് പോയിന്റ് , ഹണി മൂൺ പോയന്റ്,മലങ്ക് പോയിന്റ് , കോറോണേഷൻ പോയിന്റ്, സൺ സെറ്റ് പോയിന്റ് , അങ്ങനെ ഏകദേശം മുപ്പതിയഞ്ചിലധികം വ്യൂ പോയിന്റുകളാണ് മാതേരനിൽ ഉള്ളത് . കിലോ മീറ്ററുകളോളം ചുമടുകൾ താങ്ങി നടന്നു പോകുന്ന കുതിരകളും, കഴുതകളും മാതേരന്റെ സ്ഥിരം കാഴ്ചയാണ്. ട്രാക്കിങ് യാത്രയിൽ ഇടയ്ക്കിടെ നമ്മുക്ക് ഇവരെ കാണാം. കോളൊണിയല്‍ കാലത്തെ കെട്ടിടങ്ങൾ മാതേരന്റെ മറ്റൊരു പ്രത്യേകതയാണ് .
സൂര്യോദയവും സൂര്യാസ്തമയവും മലയിടുക്കുകളിലൂടെ ഒഴുകി ആഴത്തില്‍ പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ , മലനിരകൾ, കണ്ണിന് കുളിർമയേകുന്ന പച്ചപ്പ്, കോട മഞ്ഞ്, കാറ്റ്, മഴ അങ്ങനെ ഓരോ വ്യൂ പോയിന്റുകളിലും പ്രകൃതിയൊരുക്കിയിരിക്കുന്ന അത്ഭുത കാഴ്ചകകൾ കാണാം…. , മഹാരാഷ്ട്രയുടെ തനത് രൂചിയും ആസ്വദിക്കാം.