കൊച്ചി: എറണാകുളം ബ്രോഡ്‌വേയിൽ വൻതീപിടിത്തം. 12 കടകൾ കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിലവിൽ നിയന്ത്രണവിധേമായിട്ടുണ്ട്. എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമാണ് ബ്രോഡ്‌വേ. ശ്രീധർ തിയേറ്ററിനടുത്തുള്ള കടകൾക്കാണ് ചൊവ്വാഴ്ച പുലർച്ചെ 1:15 ഓടെ തീപിടിച്ചത്. ഫാൻസി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകളാണ് കത്തിനശിച്ചത്.
ശ്രീധർ തിയേറ്ററിന്പിന്നിലെ കോളിത്തറ കെട്ടിടസമുച്ചയത്തിലെ കടകൾക്കാണ് തീപിടിച്ചത്. മൂന്നുനില കെട്ടിടത്തിൽ ഏറെയും കളിപ്പാട്ട, ഫാൻസി കടകളാണ്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. തീ ഇതിനകം നിയന്ത്രണവിധേയമായിട്ടുണ്ട്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു.
ജില്ലയിലെ ഒമ്പത് അഗ്നിരക്ഷാനിലയങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.



