ടെ​ക്സ​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള പ്ര​മു​ഖ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​യാ​യ വ​ലേ​റോ പോർട്ട് ആർതർ റി​ഫൈ​ന​റി​യി​ൽ ശ​ക്ത​മാ​യ സ്ഫോ​ട​നം. സ്ഫോടനത്തെത്തുടർന്നു വ​ൻ തീ​പി​ടി​ത്ത​വും ഉ​ണ്ടാ​യി. ഇന്നു പുലർച്ചെ അഞ്ചോടെയാണു സംഭവം. തീപിടിത്തത്തെത്തുർന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ക​റു​ത്ത പു​ക​പ​ട​ല​ങ്ങ​ൾ ഉ​യ​ർ​ന്നതു വൻ പരിഭ്രാന്തി പരത്തി. സ​മീ​പ​വാ​സി​ക​ളോ​ടു വീ​ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​യാ​ൻ പ്രാദേശിക ഭരണകൂടം നി​ർദേ​ശം ന​ൽ​കി.

സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ൾ കു​ലു​ങ്ങി​യ​താ​യും വ​ലി​യ തീ​ജ്വാ​ല​ക​ൾ ഉ​യ​രു​ന്ന​താ​യും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പോ​ർ​ട്ട് ആ​ർ​ത​ർ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെന്‍റ് തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. നി​ല​വി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​പ്പോ​ഴി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു.

സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് വി​ഷ​വാ​ത​ക​ങ്ങ​ൾ പു​റ​ന്ത​ള്ള​പ്പെ​ട്ടി​ട്ടു​ണ്ടോ എന്നു പ​രി​ശോ​ധി​ക്കാ​ൻ വാ​യു​നി​ല​വാ​ര പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷാകാ​ര​ണ​ങ്ങ​ളാ​ൽ റി​ഫൈ​ന​റി​ക്കു സ​മീ​പ​മു​ള്ള പ്ര​ധാ​ന പാ​ത​ക​ളിലൂടെ ഗതാഗതം നിരോധിച്ചു.

റി​ഫൈ​ന​റി​യി​ലെ ഹീ​റ്റിം​ഗ് യൂ​ണി​റ്റി​ലു​ണ്ടാ​യ ത​ക​രാ​റാ​കാം സ്ഫോ​ട​ന​ത്തി​നു കാ​ര​ണ​മെ​ന്ന് അധികൃതർ സം​ശ​യിക്കുന്നുണ്ടെങ്കിലും ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ റി​ഫൈ​ന​റി​ക​ളി​ലൊ​ന്നാ​യ പോ​ർ​ട്ട് ആ​ർ​ത​ർ വ​ലേ​റോ പ്ലാന്‍റി​ൽ പ്ര​തി​ദി​നം 4.35 ല​ക്ഷം ബാ​ര​ൽ ഇ​ന്ധ​ന​മാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഈ ​പ്ലാ​ന്‍റി​ലെ പ്ര​വ​ർ​ത്ത​നം ദീ​ർ​ഘ​കാ​ല​ത്തേ​ക്കു ത​ട​സപ്പെ​ട്ടാ​ൽ മേ​ഖ​ല​യി​ലെ ഇ​ന്ധ​ന വി​ത​ര​ണത്തെ ബാ​ധി​ക്കും.