രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസത്തിന് ശേഷം ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ജനുവരി 31-ന് നടന്ന റോഡപകടത്തിൽ ആഷിഷ് (25) മരിച്ചുവെന്നായിരുന്നു പ്രാഥമിക വിവരം.
എന്നാൽ പോലീസിൻ്റെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഇത് കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട ആഷിഷിന്റെ ഭാര്യ അർജു എന്ന അഞ്ജലി (23), കാമുകൻ സഞ്ജയ് എന്ന സഞ്ജു, സുഹൃത്തുക്കളായ രോഹിത്, ബാദൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവം നടന്ന രാത്രി ആഷിഷിനെ നടത്തത്തിനെന്ന വ്യാജേന വിജനമായ സ്ഥലത്തേക്ക് അഞ്ജലി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ മുൻകൂട്ടി കാത്തുനിന്നിരുന്ന കാമുകനും കൂട്ടാളികളും ആഷിഷിനെ ആക്രമിച്ചു. മാരകമായ ആയുധങ്ങളും വടികളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ആഷിഷ് അബോധാവസ്ഥയിലായതോടെ മഫ്‌ളർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.



