ഹോളിവുഡ് താരങ്ങളുടെ ക്രിസ്തുമസ് ആഘോഷങ്ങൾ എന്ന് കേൾക്കുമ്പോൾ വിലപിടിപ്പുള്ള വജ്രാഭരണങ്ങളും ആഡംബര വാഹനങ്ങളുമാണ് പലരുടെയും മനസ്സിൽ വരുന്നത്. എന്നാൽ പ്രശസ്ത ഹോളിവുഡ് നടൻ മാർക്ക് വാൾബെർഗ് തന്റെ ആരാധകർക്ക് മുന്നിലെത്തിയത് തികച്ചും വ്യത്യസ്തമായ ഒരു വിശേഷവുമായാണ്.
തന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിസ്തുമസ് സമ്മാനം ആഡംബര വസ്തുക്കളല്ല മറിച്ച് ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്ന ഒരു ആത്മീയഗ്രന്ഥമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ഈ സന്തോഷം പങ്കുവച്ചത്. ഫിലിപ്പീൻസിലെ സെന്റ് പോൾസ് പ്രസിദ്ധീകരിച്ച ‘365 ഡേയ്സ് വിത്ത് ദ ലോർഡ് ‘ (365 Days With the Lord) എന്ന ആത്മീയ പുസ്തകമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമെന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോയിൽ അതീവ സന്തോഷത്തോടെ പുസ്തകം ഉയർത്തിക്കാട്ടുകയും ചുംബിക്കുകയും ചെയ്യുന്ന താരം ഈ സമ്മാനം നൽകിയവരോട് ഹൃദയപൂർവം നന്ദി രേഖപ്പെടുത്തി. കത്തോലിക്കാ വിശ്വാസം തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് വാൾബെർഗ്. യഥാർഥ സന്തോഷം വിലകൂടിയ വസ്തുക്കളിലല്ല, മറിച്ച് മനസ്സിന് ശാന്തി നൽകുന്ന കാര്യങ്ങളിലാണെന്ന് ഈ ക്രിസ്തുമസ് കാലത്ത് താരം ഓർമ്മിപ്പിക്കുന്നു.



