ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധത്തിൽ കാനഡയുടെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ നടന്ന നിർണ്ണായക ചർച്ചയിൽ നിന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വിട്ടുനിന്നു. യുദ്ധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തുടർച്ചയായി നിലപാടുകൾ മാറ്റുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷവിമർശനം ഉയർത്തുന്നതിനിടയിലാണ് തിങ്കളാഴ്ച രാത്രി നടന്ന ചർച്ചയിൽ അദ്ദേഹം പങ്കെടുക്കാതിരുന്നത്. പ്രധാനമന്ത്രിയുടെ അസാന്നിധ്യം ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.

ചർച്ചയിൽ സർക്കാരിനെ പ്രതിനിധീകരിച്ച് സംസാരിച്ച വിദേശകാര്യ മന്ത്രി അനിത ആനന്ദ്, കാനഡ സമാധാനത്തിന്റെ പക്ഷത്താണെന്നും സംഘർഷം ഉടൻ ലഘൂകരിക്കണമെന്നുമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. ജനവാസ മേഖലകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ കാനഡ ശക്തമായി അപലപിക്കുന്നു. അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളിൽ പങ്കുചേരാൻ കാനഡയ്ക്ക് ഉദ്ദേശ്യമില്ലെന്നും, ഇത്തരം നീക്കങ്ങളെക്കുറിച്ച് തങ്ങളോട് മുൻകൂട്ടി ആലോചിച്ചിട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു. എന്നാൽ, ഇറാൻ ആണവായുധങ്ങൾ കൈക്കലാക്കുന്നത് അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ പ്രധാനമന്ത്രി മാർക്ക് കാർണി സ്വീകരിച്ച വൈരുദ്ധ്യാത്മകമായ നിലപാടുകളാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആക്രമണം തുടങ്ങിയ ദിവസം അതിനെ പിന്തുണച്ച പ്രധാനമന്ത്രി, ദിവസങ്ങൾക്കകം അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞ് നിലപാട് മാറ്റി. തുടർന്ന് കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയിൽ വെച്ച്, സഖ്യകക്ഷികൾ ആവശ്യപ്പെട്ടാൽ കാനഡ യുദ്ധത്തിൽ പങ്കുചേരുന്നത് തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ ‘നിലപാടുമാറ്റം’ സഖ്യകക്ഷികളെ ആശയക്കുഴപ്പത്തിലാക്കുകയും കനേഡിയൻ ജനതയെ ഭിന്നിപ്പിക്കുകയും ചെയ്തതായി കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ് ആരോപിച്ചു.

യുദ്ധം മൂലം കാനഡയിൽ ഇന്ധനവിലയും ഭക്ഷണസാധനങ്ങളുടെ വിലയും വർധിക്കുമെന്ന ആശങ്കയും ചർച്ചയിൽ ഉയർന്നു വന്നു. ആഗോള ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച് അടിയന്തര ചർച്ച വേണമെന്ന് കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെട്ടു. അതേസമയം, ഇറാനിലെ ആശുപത്രികൾക്കും സ്കൂളുകൾക്കും നേരെയുള്ള ബോംബാക്രമണം യുദ്ധക്കുറ്റമാണെന്ന് എൻ.ഡി.പി ഇടക്കാല നേതാവ് ഡോൺ ഡേവിസ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ നേരിട്ട് വന്ന് മറുപടി പറയണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ കക്ഷികൾ ഉറച്ചുനിൽക്കുകയാണ്.