കുവൈറ്റ് സിറ്റി: നിര്‍ബന്ധിത ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തുന്നതിലൂടെ കഴിഞ്ഞ മാസങ്ങളില്‍ നൂറുകണക്കിന് നിയമവിരുദ്ധരായ പ്രവാസികളെ അറസ്റ്റ് ചെയ്യാന്‍ കുവൈറ്റ് അധികാരികളെ സഹായിച്ചതായി കുവൈറ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 2023 മെയ് മാസത്തിലാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും രാജ്യത്തിലേക്കുള്ള കര അതിര്‍ത്തികളിലും ഇലക്ട്രോണിക് രീതിയില്‍ വിരലടയാളം രേഖപ്പെടുത്തുന്ന ബയോമെട്രിക് സംവിധാനം ആരംഭിച്ചത്. ഇതോടെ രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവരും വിവിധ കേസുകളില്‍ പോലിസ് തെരയുന്നവരുമായ ആളുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികളാണ് പിടിയിലായതെന്ന് അല്‍ ഖബസ് പത്രം സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അറസ്റ്റിലായവരുടെ കൃത്യമായ വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ല.

ഈ വര്‍ഷം ആദ്യം, പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ബയോമെട്രിക് വിരലടയാളത്തിന് വിധേയരാകുന്നതിനുള്ള സമയപരിധി കുവൈറ്റ് നീട്ടുകയും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തിരുന്നു. നിലവില്‍ കുവൈറ്റ് പൗരന്മാര്‍ക്ക് സെപ്റ്റംബര്‍ 30 വരെയും പ്രവാസികള്‍ക്ക് ഡിസംബര്‍ 31 വരെയുമാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ബയോ മെട്രിക് കേന്ദ്രങ്ങളില്‍ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തിലും പൗരന്മാര്‍ക്കും വിദഗ്ധര്‍ക്കും ബയോമെട്രിക് രേഖപ്പെടുത്തുന്ന നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്നതിനു വേണ്ടിയുമാണ് പ്രവാസികള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചു കൊണ്ട് ഉത്തരവായത്.

അതിര്‍ത്തികള്‍ക്കു പുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തുന്നതിനായി പ്രത്യേക കേന്ദ്രങ്ങളിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രങ്ങളിലേക്ക് പോകാന്‍ കഴിയാത്ത പ്രായമായവര്‍ക്കും രോഗികള്‍ക്കും വേണ്ടി കുവൈറ്റ് ഹോം ബയോമെട്രിക്‌സ് സേവനവും അവതരിപ്പിച്ചിരുന്നു.

ബയോമെട്രിക് വിരലടയാള പരിശോധനയ്ക്ക് വിധേയരാകുന്നതില്‍ നിന്ന് സ്വദേശികളോ വിദേശികളോ ആയ ആര്‍ക്കും ഇളവില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചതാണ്. സമയ പരിധി കഴിയുന്നതിന് മുമ്പ് വിരലടയാളം രേഖപ്പെടുത്താത്തവര്‍ക്ക് സര്‍ക്കാരുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തലാക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഥവാ ഇവര്‍ക്ക് വിസ, ഡ്രൈവിംഗ് ലൈസന്‍സ്, ഐഡി കാര്‍ഡ് തുടങ്ങിയ പുതുക്കാനോ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നേടാനോ സാധിക്കുകയില്ല. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.8 ദശലക്ഷത്തില്‍ ഏകദേശം 3.3 ദശലക്ഷം വിദേശികളാണ്. ഇവരുടെ കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തുകയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്തുകയും രാജ്യത്തു നിന്ന് പുറത്താക്കപ്പെട്ടവര്‍ വ്യാജരേഖകളില്‍ തിരികെ വരുന്നത് തടയാനും ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.