ന്യൂഡൽഹി: ലോക്സഭ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താനുള്ള നീക്കം വിവാദമായതോടെ മണ്ഡല പുനർ നിർണയത്തിൽ സമവായത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. എല്ലായിടത്തും പകുതി സീറ്റുകൾ കൂടുമെന്ന നിർദ്ദേശം ഒഴിവാക്കിയത് സമവായത്തിനാണെന്നും ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാവില്ലെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്.
ഓരോ സംസ്ഥാനത്തും എത്ര സീറ്റ് വീതം കൂടുമെന്നത് ചർച്ചകൾക്ക് ശേഷം നിശ്ചയിക്കാമെന്ന് സർക്കാർ അറിയിച്ചു. ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ എണ്ണം മണ്ഡല പുനർനിർണയ കമ്മീഷൻ നിശ്ചയിക്കും. ലോക്സഭ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താൻ നിർദ്ദേശിക്കുന്ന ഭരണഘടന ഭേദഗതി ബില്ല് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ എംപിമാർക്ക് കൈമാറിയിരുന്നു.
വനിതകൾക്കുള്ള മൂന്നിലൊന്ന് സീറ്റുകൾ മാറിമാറി നിശ്ചയിക്കുമെന്നും ബില്ല് ചൂണ്ടിക്കാട്ടുന്നു. പാർലമെന്റ് സീറ്റുകൾക്ക് അനുസരിച്ച് നിയമസഭ സീറ്റുകളുടെ എണ്ണവും സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ പുനർനിശ്ചയിക്കും. അതേസമയം മണ്ഡലപുനർ നിർണയത്തിനുള്ള നിർദ്ദേശം നടപ്പാക്കിയാൽ ജനം തെരുവിലിറങ്ങുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.



