ഹരിയാനയിലെ ഝജ്ജർ ജില്ലയിൽ വാലന്റൈൻസ് ഡേ ആഘോഷത്തിന് പിന്നാലെ ഗർഭിണിയായ ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ചാർട്ടേഡ് അക്കൗണ്ടന്റായ അൻഷുൽ ആണ് തൻ്റെ ഭാര്യയും ബാങ്ക് ഉദ്യോഗസ്ഥയുമായ മെഹക്കിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സംഭവം കവർച്ചയാണെന്ന് വരുത്തിത്തീർക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലിൽ സത്യം പുറത്തുവരികയായിരുന്നു. നാല് മാസം മുൻപാണ് ഇവരുടെ വിവാഹം നടന്നത്.
കൊല്ലപ്പെടുമ്പോൾ മെഹക് രണ്ട് മാസം ഗർഭിണിയായിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹാൻസിയിലുള്ള മെഹക്കിന്റെ വീട്ടിൽ നിന്നും ഗുരുഗ്രാമിലേക്ക് കാറിൽ മടങ്ങുന്നതിനിടെ ബദ്‌ലി ഗ്രാമത്തിന് സമീപം വെച്ചായിരുന്നു കൊലപാതകം.
വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കായി വീട്ടിൽ എത്തിയതായിരുന്നു ഇരുവരും. കാർ തടഞ്ഞുനിർത്തിയ അജ്ഞാതരായ ചിലർ തന്നെ മർദ്ദിച്ചെന്നും ഭാര്യയെ കൊലപ്പെടുത്തി കാറുമായി കടന്നുകളഞ്ഞെന്നുമാണ് ആദ്യം ഇയാൾ പോലീസിനെ അറിയിച്ചത്.



