കൊച്ചി: ഇതര സംസ്ഥാനക്കാരായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്ത പ്രതി പിടിയിൽ. കാസർകോഡ് മൊഗ്രാൽ സ്വദേശി അബ്ദുൽ റസാക്ക് (38) ആണ് പിടിയിലായത്. പെരുമ്പാവൂരിലെ വിവിധ പ്ലൈവുഡ് ഫാക്ടറികളിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയാണ് പ്രതി.
കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ട ഇയാളുടെ സുഹൃത്ത്, ശിശു സംരക്ഷണ സമിതിയെ (സിഡബ്ല്യുസി) വിവരമറിയിക്കുകയായിരുന്നു. അവർ കുട്ടികളുമായി ബന്ധപ്പെട്ട് നടത്തിയ കൗൺസലിംഗിലാണ് വിവരങ്ങൾ പുറത്തു വന്നതും അബ്ദുൽ റസാക്ക് അറസ്റ്റിലായതും. പെരുമ്പാവൂരിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ മക്കളാണ് സഹോദരിമാർ.
ജോലിക്കായി എത്തുമ്പോൾ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാന്പില്‍ തന്നെയാണ് പ്രതിയും കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് കുട്ടികളെ ഇയാൾ പീഡിപ്പിച്ചത്. സിഡബ്ല്യുസി നൽകിയ വിവരത്തെ തുടർന്ന് പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ.അനിൽ കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോയിലെ വിവിധ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു.



