അമരാവതി: ആന്ധ്രപ്രദേശിലെ കടപ്പയിൽ ഭാര്യക്ക് വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. പ്രോഡുത്തൂർ സ്വദേശി കിരൺ ആണ് ഭാര്യ പദ്മജ (31) യെ കൊലപ്പെടുത്തിയത്.
പദ്മജയ്ക്ക് വണ്ണം കൂടുന്നതിന്റെ പേരിൽ ദമ്പതികൾക്കിടയിൽ തർക്കം പതിവായിരുന്നു. വണ്ണം കുറയ്ക്കാൻ പദ്മജയെ കിരൺ നിരന്തരം നിർബന്ധിച്ചിരുന്നു. ഭാരം കുറയ്ക്കാനുള്ള പദ്മജയുടെ ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെയാണ് യുവതിയെ അപായപ്പെടുത്താൻ കിരൺ തീരുമാനിക്കുന്നത്.
ഇതേ തുടർന്ന് ഇയാൾ 80,000 രൂപ വില വരുന്ന വിഷം വാങ്ങുകയും ഭക്ഷണത്തിൽ കലർത്തി പദ്മജക്ക് നൽക്കുകയും ചെയ്തു. വിഷം ഉള്ളിലെത്തി പദ്മജ ബോധം കെട്ടുവീണെങ്കിലും മരിച്ചില്ല. ഇതോടെ ഇയാൾ തലയിണ ഉപയോഗിച്ച് പദ്മജയെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
ഇതിന് ശേഷം പദ്മജയ്ക്ക് ഹൃദയാഘാതം വന്നുവെന്ന് കിരൺ വീട്ടുകാരെ അറിയിച്ചു. മരണത്തിൽ പദ്മജയുടെ വീട്ടുകാർക്ക് തോന്നിയ സംശയത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പദ്മജയുടെ ശരീരത്തിൽ വിഷം കണ്ടെത്തുന്നത്.
ഇതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കിരൺ കുറ്റം സമ്മതിച്ചത്. ഇയാൾക്ക് വിഷം നൽകിയ വ്യക്തിക്കായുള്ള തിരച്ചിൽ നടന്ന് വരികയാണെന്ന് പോലീസ് പറഞ്ഞു.



