തൃശൂർ: മദ്യപിച്ച് ബോധമില്ലാതെ റോഡരികിൽ കിടന്ന മധ്യവയസ്കനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച കേസിൽ പ്രതി അറസ്റ്റിൽ. വടക്കാഞ്ചേരി തെക്കുംകര കിഴക്കൂട്ടുവളപ്പിൽ രാജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച ബോധമില്ലാതെ തന്റെ വീടിന് മുന്നിൽ കിടന്നതുകൊണ്ടാണ് ചൂടുവെള്ളം ഒഴിച്ചതെന്നാണ് ഇയാളുടെ മൊഴി. കഴിഞ്ഞ തിരുവോണ ദിവസമാണ് സംഭവം നടന്നത്.
ഗുരുതരമായി പൊള്ളലേറ്റ പാണൻവീട്ടിൽ ശശി ഒന്നരമാസത്തിലധികമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. ഇരുകാലുകളിലും ഗുരുതരമായ പൊള്ളലാണ് ഉണ്ടായിരുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാജനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
മറ്റൊരു മദ്യപാന സദസിനിടെ രാജൻതന്നെ ഈ സംഭവം വെളിപ്പെടുത്തിയതോടെയാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത്. രാജന്റെ വെളിപ്പെടുത്തൽ കേട്ട സാക്ഷി പിന്നീട് കോടതിയിൽ മൊഴി നൽകിയതോടെയാണ് കേസിന് തുമ്പുണ്ടായത്.



