മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമ്മടം നിയോജകമണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ടും ഓപ്പൺ വോട്ടും നടന്നതായി എൻഡിഎ സ്ഥാനാർത്ഥി കെ രഞ്ചിത്ത് ആരോപിച്ചു. മണ്ഡലത്തിൽ സിപിഎം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ബിജെപി ശക്തമായ നിലപാട് എടുത്തതുകൊണ്ടാണ് കൂടുതൽ ക്രമക്കേടുകൾ തടയാനായതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച കണ്ണൂർ മാരാർജി ഭവനിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിൽ ആകെ 11,000 ഓപ്പൺ വോട്ടുകൾ രേഖപ്പെടുത്തിയതായി റിട്ടേണിംഗ് ഓഫീസർ തന്നെ അറിയിച്ചിട്ടുണ്ടെന്ന് കെ രഞ്ചിത്ത് ചൂണ്ടിക്കാട്ടി. ചില ബൂത്തുകളിൽ 90 ശതമാനം പോളിംഗ് നടന്നു. തൊഴിലുറപ്പ് തൊഴിലാളികളെ പോലും നിർബന്ധിച്ച് ഓപ്പൺ വോട്ട് ചെയ്യിക്കാൻ ശ്രമമുണ്ടായി. മുഖ്യമന്ത്രി വോട്ട് ചെയ്ത ആർ സി അമല ബേസിക് സ്കൂളിലെ ബൂത്തിൽ വരെ കള്ളവോട്ട് നടന്നതായും ക്രമാതീതമായി ഓപ്പൺ വോട്ടുകൾ രേഖപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. നാട്ടിലില്ലാത്തവരുടെ വോട്ടുകൾ ബന്ധുക്കളെക്കൊണ്ട് ചെയ്യിക്കുന്ന രീതിയാണ് പലയിടത്തും കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ധർമ്മടത്ത് കോൺഗ്രസും സിപിഎമ്മും തമ്മിൽ രഹസ്യ ധാരണയുണ്ടായിരുന്നുവെന്ന് കെ രഞ്ചിത്ത് ആരോപിച്ചു. പറവൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് വോട്ട് നൽകിയാൽ ധർമ്മടത്ത് മുഖ്യമന്ത്രിക്ക് വോട്ട് മറിക്കാനാണ് ഡീൽ നടന്നത്.  തളിപ്പറമ്പിൽ മത്സരിക്കാൻ താല്പര്യപ്പെട്ട സ്ഥാനാർത്ഥിയെ ധർമ്മടത്ത് മത്സരിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലെ ബൂത്തുകളിൽ ഇരുന്നത് തലശ്ശേരിയിൽ നിന്നുള്ള യുഡിഎഫ് പ്രവർത്തകരാണെന്നും അവർ കള്ളവോട്ടിനെ എതിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങാട് നാട്ടിലില്ലാത്ത യുവാവിന്റെ വോട്ട് ചെയ്യാനെത്തിയ അനുജനെ ബിജെപി ഏജന്റുമാർ പിടികൂടിയിട്ടും പോളിംഗ് ഓഫീസർ നടപടിയെടുത്തില്ല. കള്ളവോട്ട് ചെയ്യാനെത്തുന്നവരെ ഓടി രക്ഷപ്പെടാൻ അനുവദിക്കുന്ന രീതിയാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. എൻഡിഎ പ്രവർത്തകർ ആത്മസംയമനം പാലിച്ചത് കൊണ്ടാണ് മണ്ഡലത്തിൽ വലിയ സംഘർഷങ്ങൾ ഒഴിവായതെന്നും രഞ്ചിത്ത് വ്യക്തമാക്കി.

മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റോഡ്, കുടിവെള്ളം, ചികിത്സാ സഹായം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞില്ല. സ്വന്തം പാർട്ടിക്കാരെ പോലും സിപിഎമ്മിന് വിശ്വാസമില്ലാത്തതിനാലാണ് കമ്മ്യൂണിസ്റ്റ് പ്രവർത്തകരെപ്പോലും ഓപ്പൺ വോട്ട് ചെയ്യിച്ചതെന്നും കെ രഞ്ചിത്ത് കുറ്റപ്പെടുത്തി.