കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് പരിശോധന ശക്തമാക്കിയതോടെ മലയാളി യുവാക്കള്‍ ഇവിടെ നിന്നു കുറഞ്ഞ വിലയ്ക്ക് കഞ്ചാവു വാങ്ങി വൻലാഭം ലക്ഷ്യമിട്ട് വില്പനയ്ക്കെത്തിക്കുന്നത് ഗോവയിലേക്ക്. എംഡിഎംഎ, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പ്, യെല്ലോ മെത്ത് പോലുള്ള സിന്തറ്റിക് ലഹരി ഉത്പന്നങ്ങള്‍ സുലഭമായ ഗോവയില്‍ കഞ്ചാവ് കിട്ടാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്.
ഇത് അവസരമാക്കിയെടുത്താണ് മലയാളി യുവാക്കള്‍ ഇവിടെ നിന്ന് ഗോവയിലേക്ക് കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരം. “ഗ്രീനിഷ് കഞ്ചാവ്’ എന്ന പേരിലാണ് പച്ചക്കഞ്ചാവ് വില്പന.
ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിലെ ഏജന്റുമാരില്‍ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങിക്കുന്ന പച്ചക്കഞ്ചാവ് കാല് കിലോ, അരക്കിലോ പാക്കറ്റുകളിലാക്കിയാണ് ഗോവയിലേക്ക് എത്തിക്കുന്നത്. കേരളത്തില്‍ 50 മുതല്‍ 100 രൂപ വരെ വിലയുള്ള കഞ്ചാവ് ബീഡിക്ക് ഗോവയില്‍ ഇവര്‍ ഈടാക്കുന്നത് 500 രൂപയാണ്. 100 ഗ്രാം മുതലുള്ള ചെറിയ കഞ്ചാവ് പാക്കറ്റുകളും ഇവരുടെ കൈയിലുണ്ട്.
കേരളത്തില്‍ ചെറിയ സിപ് ലോക്ക് കവറില്‍ 500 രൂപയ്ക്ക് വില്‍ക്കുന്ന കഞ്ചാവിന് ഗോവയില്‍ ഈടാക്കുന്നത് 2,000 രൂപയാണ്. ഗോവയില്‍ വിദേശികള്‍ക്കിടയില്‍ മലയാളി യൂത്തിന്റെ ‘ഗ്രീനിഷ് കഞ്ചാവി’ന് വന്‍ ഡിമാന്‍ഡുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ഗോവന്‍ ട്രിപ്പ് എന്ന പേരില്‍ ബൈക്കിലും ട്രെയിനിലുമൊക്കെ ഗോവയ്ക്ക് പോകുന്ന ഈ സംഘം അവിടെ നിന്ന് തിരികെ പോരുമ്പോള്‍ 50,000 രൂപയിലധികം നേടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
ഗോവയിലേക്കുള്ള യാത്രയ്ക്ക് പരിശോധന ശക്തമല്ലാത്തതിനാല് യുവാക്കള്‍ക്ക് അനുകൂല സാഹചര്യമാണുള്ളത്. തിരിച്ചു പോരുമ്പോള്‍ അവിടെ 250 രൂപയ്ക്കും 300 രൂപയ്ക്കുമൊക്കെ ലഭിക്കുന്ന മദ്യം വാങ്ങി കേരളത്തിലെത്തിച്ച് 1,500 രൂപയ്ക്കു മുകളില്‍ വില്‍ക്കുന്നുമുണ്ട്.
വില്പനയിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കാനായാണ് ഉപയോഗിക്കുന്നത്. ഗോവയില്‍ നിന്ന് വസ്ത്രങ്ങളും ഷൂസുമൊക്കെ സംഘം വാങ്ങിക്കും. അതിനൊപ്പം മദ്യക്കുപ്പികളുമുണ്ടാകും. സംഘത്തില്‍ വിദ്യാര്ഥികളുമുണ്ടെന്നാണു സൂചന.



