കാനഡയിലെ മാനിറ്റോബയിൽ വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് മരിച്ച രണ്ട് വിദ്യാർത്ഥി പൈലറ്റുമാരിൽ 23 വയസ്സുള്ള കൊച്ചി സ്വദേശിയും ഉൾപ്പെട്ടതായി ടൊറൻ്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. ഒരു ഫ്ലൈറ്റ് സ്കൂളിലെ രണ്ട് സിംഗിൾ എഞ്ചിൻ വിമാനങ്ങൾ കൂട്ടിയിടിച്ചാണ് സംഭവം. ശ്രീഹരി സുകേഷ് എന്ന വിദ്യാർത്ഥിക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

കൊച്ചിയിലെ തൃപ്പൂണിത്തുറയിലെ സ്റ്റാച്യു ന്യൂ റോഡിൽ താമസിക്കുന്നയാളാണ് ശ്രീഹരിയെന്ന് ഓൺമനോരമ റിപ്പോർട്ട് ചെയ്യുന്നു.

“മാനിറ്റോബയിലെ സ്റ്റെയിൻബാക്കിന് സമീപം ആകാശത്ത് വെച്ച് ഉണ്ടായ കൂട്ടിയിടിയിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി പൈലറ്റ് ശ്രീഹരി സുകേഷിന്റെ ദാരുണമായ വിയോഗത്തിൽ ഞങ്ങൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.” ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.