ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്വദേശി’ (മെയ്ക്ക് ഇൻ ഇന്ത്യ) പ്രസ്ഥാനത്തിന് രാജ്യം തയ്യാറെടുക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. ലോക സമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കാരണം ഇന്ത്യൻ കയറ്റുമതിയിൽ തീരുവയും പിഴയും ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സ്വദേശി’ നീക്കത്തിലൂടെ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്ന് മോദി പറഞ്ഞു. രാജ്യത്തെ ഓരോ പൗരനും ‘സ്വദേശി’ ഉൽപ്പന്നങ്ങൾ വാങ്ങാൻ ദൃഢനിശ്ചയം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ പോകുന്നു. അതിനാൽ, രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. നമ്മുടെ കർഷകർ, നമ്മുടെ വ്യവസായങ്ങൾ, നമ്മുടെ യുവാക്കളുടെ തൊഴിൽ ഇവയെല്ലാം നമുക്ക് പരമപ്രധാനമാണെന്നും  പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.