കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തേക്കാൾ 44,000 തൊഴിലാളികളാണ് കുറഞ്ഞതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കിയ പുതിയ നയങ്ങളാണ് ഈ കുറവിന് പ്രധാന കാരണം.

നിലവിൽ കുവൈത്തിൽ 7.45 ലക്ഷം ഗാർഹിക തൊഴിലാളികളാണുള്ളത്. ഇതിൽ 4.15 ലക്ഷം സ്ത്രീകളും 3.30 ലക്ഷം പുരുഷന്മാരുമാണ്. ഈ തൊഴിലാളികളിൽ 42.2 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ വർഷം 248,000 ആയിരുന്ന ഇന്ത്യൻ പുരുഷ ഗാർഹിക തൊഴിലാളികളുടെ എണ്ണം ഈ വർഷം 213,000 ആയി കുറഞ്ഞു.

ഇന്ത്യക്കാർ കഴിഞ്ഞാൽ, 17.9 ശതമാനവുമായി ശ്രീലങ്കക്കാരും ഫിലിപ്പീൻസ് പൗരന്മാരുമാണ് ഗാർഹിക മേഖലയിൽ കൂടുതലുള്ളത്. അതേസമയം, നേപ്പാൾ, മാലി എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.

പുതിയ തൊഴിൽ നിയമങ്ങൾ കർശനമാക്കിയതോടെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട പരാതികളും വർധിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം 20,898 വർക്ക് പെർമിറ്റ് സംബന്ധിച്ച പരാതികൾ ലഭിച്ചു. ഇതിന് പുറമെ, മറ്റ് കേസുകളുമായി ബന്ധപ്പെട്ട് 21,000 പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതായും കണക്കുകൾ പറയുന്നു.