മാഡ്രിഡിലെ സിബെലെസ് സ്ക്വയറിൽ ലെയോ പതിനാലാമൻ മാർപാപ്പ മുഖ്യകാർമ്മികത്വം വഹിക്കുന്ന ‘കോർപ്പസ് ക്രിസ്റ്റി’ (പരിശുദ്ധ കുർബാനയുടെ തിരുനാൾ) തിരുക്കർമ്മങ്ങളിൽ അഞ്ച് നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ തിരുശേഷിപ്പ് പേടകം അൾത്താരയിൽ പ്രതിഷ്ഠിക്കും. നിലവിൽ മാഡ്രിഡ് സിറ്റി കൗൺസിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ അപൂർവ തിരുശേഷിപ്പ് പേടകം.
സുരക്ഷയും സമയക്രമവും പരിഗണിച്ച് കാലെ ഡി അൽകാല മുതൽ ഗ്രാൻ വിയ വരെയുള്ള ചുരുങ്ങിയ പാതയിലൂടെയാണ് ഇത്തവണ പ്രദിക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങുകൾക്ക് ശേഷം മാർപാപ്പ വിശ്വാസികളെ ഈ തിരുപ്പേടകം കൈകളിലേന്തി ആശീർവദിക്കും.
പതിനാറാം നൂറ്റാണ്ടിൽ ഫിലിപ്പ് രണ്ടാമൻ ചക്രവർത്തി തന്റെ കൊട്ടാരം മാഡ്രിഡിലേക്ക് മാറ്റിയ കാലത്താണ് മാഡ്രിഡ് കൗൺസിൽ ഈ പ്രദിക്ഷണ പേടകം നിർമ്മിക്കാൻ ഉത്തരവിട്ടത്. പൂർണ്ണമായും വെള്ളിയിൽ നിർമ്മിച്ച് ഭാഗികമായി സ്വർണ്ണം പൂശിയ ഇതിൽ മൂന്ന് ഭാഗങ്ങളുണ്ട്. 1568 – നും 1574 – നും ഇടയിൽ ഫ്രാൻസിസ്കോ അൽവാരസ് എന്ന പ്രശസ്ത വെള്ളിപ്പണിക്കാരനാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ കൊത്തുപണി ചെയ്തത്.
നവോത്ഥാന ശൈലിയിലുള്ള ഗോതമ്പ് കതിരുകൾ, മുന്തിരിവള്ളികൾ, പ്രവാചകന്മാർ, മാലാഖമാർ എന്നിവരുടെ രൂപങ്ങളും ക്രിസ്തുവിന്റെ പീഡാനുഭവ രംഗങ്ങളും ഇതിൽ അതീവ മനോഹരമായി കൊത്തിയിട്ടുണ്ട്.



