മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” യുടെ ട്രെയ്ലർ പുറത്ത്. ജൂൺ 19ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കൊച്ചിയിലെ ഫോറം മാളിലെ പിവിആർ സിനിമാസിൽ വെച്ചാണ് ചിത്രത്തിൻ്റെ ട്രെയ്ലർ ലോഞ്ച് നടന്നത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും താരങ്ങളും മലയാള സിനിമയിലെ പ്രമുഖരും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രെയ്ലർ പുറത്ത് വിട്ടത്. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയ്ലർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.
പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോർത്തിണക്കി മനോഹരമായി കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ഇന്ദ്രൻസ്, മധുബാല എന്നിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആവുമെന്നും ട്രെയ്ലർ സൂചിപ്പിക്കുന്നുണ്ട്. പൂർണ്ണമായും വാരണാസിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ “കഥക്” എന്ന ഗാനവും “കര കവിയാതെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും മികച്ച മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്. വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ് എന്ന പ്രത്യേകതയുമുണ്ട്.



