ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ചരിത്രപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) ഗുജറാത്തിലെ വഡോദരയിൽ നിർമ്മിക്കുന്ന ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി295 (C295) സൈനിക ഗതാഗത വിമാനം ഉടൻ പുറത്തിറങ്ങും.
പതിറ്റാണ്ടുകളായി രാജ്യത്തെ സൈനിക വിമാന നിർമ്മാണ രംഗത്ത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (HAL) ഉണ്ടായിരുന്ന കുത്തകയാണ് ഇതോടെ അവസാനിക്കുന്നത്. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി സ്വന്തമായി ഒരു സമ്പൂർണ്ണ സൈനിക വിമാന നിർമ്മാണ ലൈൻ സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുന്നത് ഇതാദ്യമായാണ്.
അമേരിക്കൻ വ്യോമസേന ഇറാനിൽ തങ്ങളുടെ പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള യുദ്ധകാല രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച അതേ വിമാന മോഡലാണിത് എന്നതും ശ്രദ്ധേയമാണ്. വഡോദരയിലെ ടാറ്റയുടെ നിർമ്മാണ ശാലയിൽ നിന്ന് വിമാനം പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ വിമാനം എപ്പോൾ ഔദ്യോഗികമായി പുറത്തിറക്കുമെന്നതിനെക്കുറിച്ച് ടാറ്റയോ എയർബസ്സോ (Airbus) കേന്ദ്ര സർക്കാരോ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.



