തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വടി കൊടുത്ത് അടി വാങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ രേവന്ത് റെഡ്ഡിക്കെതിരെ കണ്ണൂരിൽ നടത്തിയ വിമർശനങ്ങളെ ന്യായീകരിച്ചുകൊണ്ട് കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ മുഖ്യമന്ത്രിക്കെതിരെ ഔദ്യോഗിക ലെറ്റർ ഹെഡിൽ രേവന്ത് റെഡ്ഡി തയ്യാറാക്കിയ പ്രതികരണം മ്ലേച്ഛവും അപലപനീയവുമാണെന്ന് എം വി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി എന്ന പദവിക്ക് ചേർന്നതാണോ ഇത്തരത്തിലുള്ള പരാമർശങ്ങളെന്ന് രേവന്ത് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. കേരളത്തിന്റെ ഭരണാധികാരിയെ അധിക്ഷേപിക്കുന്നതിലൂടെ രേവന്ത് റെഡ്ഡി സ്വന്തം നിലവാരമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെലങ്കാനയിൽ ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കുമെന്ന് പറഞ്ഞ് വോട്ട് തേടിയ കോൺഗ്രസിന്റെ പൊള്ളത്തരം എം വി ജയരാജൻ തുറന്നുകാട്ടി. സ്വന്തം സംസ്ഥാനത്ത് 25 മാസത്തെ പെൻഷൻ കുടിശ്ശികയാക്കിയ മുഖ്യമന്ത്രിയാണ് കേരളത്തിൽ വന്ന് 3000 രൂപ പെൻഷൻ നൽകുമെന്ന് പ്രഖ്യാപിക്കുന്നത്. കാർഷിക വായ്പ എഴുതിത്തള്ളൽ മുതൽ തൊഴിൽദാനം വരെ ആറ് ഗ്യാരണ്ടികളാണ് ഈ ‘വിദ്വാൻ’ പ്രഖ്യാപിച്ചത്. എന്നാൽ രണ്ടരക്കൊല്ലമായിട്ടും ഈ വാഗ്ദാനങ്ങൾ ഒന്നും തന്നെ നിറവേറ്റപ്പെട്ടിട്ടില്ല. തെലങ്കാനയിലെ ജനങ്ങൾ ഇന്ന് ഈ സർക്കാരിനെ ശപിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിൽ വന്ന് ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് എം വി ജയരാജൻ ആരോപിച്ചു. കോടികളുടെ അഴിമതിപ്പണം ഒഴുക്കിയും മാധ്യമങ്ങളെ വരുതിയിലാക്കിയും ജനങ്ങൾ കൈവിട്ട യുഡിഎഫ് (UDF) മുന്നണിക്ക് ജീവശ്വാസം നൽകാനാണ് രേവന്ത് റെഡ്ഡി ശ്രമിക്കുന്നത്.
‘വൈദ്യരേ, സ്വന്തം നാട്ടിൽ പോയി കുടിശ്ശികയാക്കിയ പെൻഷൻ തുക പാവങ്ങൾക്ക് നൽകൂ’ എന്നായിരുന്നു അന്ന് ഞങ്ങൾ ഉപദേശിച്ചത്. അതിനൊന്നും മറുപടി പറയാതെ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. കേരളത്തെ അവഹേളിക്കുന്ന ഇത്തരം പ്രതികരണങ്ങൾക്കെതിരെ മലയാളികൾ ഒന്നടങ്കം രംഗത്ത് വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



