തൃശ്ശൂർ: തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് സ്ഥാനാർഥിയാവുമെന്ന് ഏതാണ്ടുറപ്പായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ അനുകൂലഘടകങ്ങളുണ്ടെന്ന് ബിജെപി കരുതുന്ന സീറ്റിൽ രമേശ്തന്നെ മത്സരിക്കട്ടെയെന്ന നിലപാടിലാണ് നേതൃത്വം. രമേശ് വ്യക്തിപരമായി താത്പര്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്.
നടനെന്നനിലയിൽ സുരേഷ് ഗോപി നേടിയ സ്വീകാര്യതയ്ക്കപ്പുറം തൃശ്ശൂരിലുണ്ടായത് ബിജെപിയുടെ വിജയമാണെന്ന് തെളിയിക്കാൻ പാർട്ടി നേതാവിന്റെ വിജയം അനിവാര്യമാണെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തിരഞ്ഞെടുപ്പുവിജയത്തിന് ചുക്കാൻപിടിച്ച നേതാവെന്നനിലയിൽ തൃശ്ശൂരിലെ പാർട്ടി സംവിധാനവുമായി രമേശിന് മികച്ചബന്ധമുണ്ട്. പാർട്ടിയിൽ പൊതുവേ സ്വീകാര്യനുമാണ്. തൃശ്ശൂരിലേക്ക് താമസംമാറുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തതായാണ് സൂചന.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ 14,117 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എല്ലാവിഭാഗം സമുദായനേതാക്കളുമായും മികച്ചബന്ധമുള്ള രമേശിന് സംഘപരിവാർ സംഘടനകളുടെ വലിയപിന്തുണയുമുണ്ട്.



