ദാരിദ്ര്യവും ഒറ്റപ്പെടലും അനുഭവിക്കുന്ന 1,300 ലധികം ആളുകളോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ. നവംബർ 16 ന് ദരിദ്രർക്കു വേണ്ടിയുള്ള ആഗോളദിനത്തോടനുബന്ധിച്ച് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലായിരുന്നു ഉച്ചഭക്ഷണം ഒരുക്കിയത്.

ദരിദ്രരുടെ ആഗോളദിനത്തോടനുബന്ധിച്ച് പോൾ ആറാമൻ ഹാൾ വിശാലമായ ഒരു ഡൈനിംഗ് റൂമാക്കി മാറ്റി. ലോകമെമ്പാടുമുള്ള വിൻസെൻഷ്യൻ മിഷനറിമാരുടെയും ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സമൂഹം സ്ഥാപിച്ചതിന്റെ നാനൂറാം വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ചും മിഷൻ സഭയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ലസാഞ്ഞ, ഉരുളക്കിഴങ്ങും ചിക്കനും, പരമ്പരാഗത ഇറ്റാലിയൻ മധുരപലഹാരമായ ബാബ എന്നിവ സന്നദ്ധപ്രവർത്തകർ അതിഥികൾക്കായി വിളമ്പി.

അതേസമയം, പേപ്പൽ അൽമോണർ പോളിഷ് കർദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കി വഴി, റോമൻ കടൽത്തീര പട്ടണമായ ടോർവൈയാനിക്കയിൽ നിന്നുള്ള അൻപതോളം ട്രാൻസ്‌ജെൻഡേഴ്‌സും ഈ പരിപാടിയുടെ ഭാഗമായി വത്തിക്കാനിലെത്തിയിരുന്നു. ഇതിന്റെ മറ്റൊരു പ്രത്യേകത, വത്തിക്കാൻ ഈ പരിപാടിയിൽ പ്ലാസ്റ്റിക് ഉപയോഗിച്ചില്ല എന്നതാണ്. പാത്രങ്ങൾ, ഫ്ലാറ്റ്‌വെയർ, ടേബിൾ ലിനൻ എന്നിവ ഉപയോഗിച്ച് പൂർണ്ണമായും പ്ലാസ്റ്റിക് രഹിത ടേബിൾ സർവീസ് നൽകി. ഭക്ഷണം വിളമ്പുക മാത്രമല്ല, ഓരോ അതിഥിക്കും സ്വാഗതത്തിന്റെയും കരുതലിന്റെയും അനുഭവം സൃഷ്ടിക്കുക എന്നതുകൂടിയായിരുന്നു ലക്ഷ്യമെന്ന് സംഘാടകർ വെളിപ്പെടുത്തി. ഭക്ഷണത്തിനു ശേഷം, ഏറ്റവും ദുർബലരായവർക്കുള്ള സേവനത്തിന് വിൻസെൻഷ്യൻ സമൂഹത്തോട് പാപ്പ നന്ദി പറഞ്ഞു.