രാജ്യം കേന്ദ്ര ബജറ്റിനായി കാത്തിരിക്കെ പണപ്പെരുപ്പത്തിൻ്റെ കനത്ത പ്രഹരം. എണ്ണ വിപണന കമ്പനികൾ ഫെബ്രുവരി ഒന്നു മുതൽ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു (LPG Cylinder Price Hike). 19 കിലോ ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകൾക്കാണ് ഇത്തവണ വില വർദ്ധിപ്പിച്ചത്.

ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ 50 രൂപ വരെയാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, 14 കിലോഗ്രാം വരുന്ന ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്.

ഓരോ മാസത്തിന്റെയും തുടക്കത്തിൽ എണ്ണക്കമ്പനികൾ ഇന്ധന വില പുതുക്കാറുണ്ട്. ഫെബ്രുവരി മാസത്തിന്റെ ആദ്യ ദിനമായ ഇന്ന് മുതൽ നിലവിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം പ്രമുഖ നഗരങ്ങളിലെ വാണിജ്യ സിലിണ്ടർ വില താഴെ പറയുന്നവയാണ്:

സംസ്ഥാനം/നഗരംഗാർഹിക സിലിണ്ടർ (14.2 കിലോ)വാണിജ്യ സിലിണ്ടർ (19 കിലോ)
ഡൽഹി853.001740.50
മുംബൈ (മഹാരാഷ്ട്ര)852.501692.00
കൊൽക്കത്ത (പശ്ചിമ ബംഗാൾ)879.001844.50
ചെന്നൈ (തമിഴ്നാട്)868.501899.50
തിരുവനന്തപുരം (കേരളം)862.001769.00
കൊച്ചി (കേരളം)859.001748.00
ലക്നൗ (ഉത്തർപ്രദേശ്)890.501814.00
ബെംഗളൂരു (കർണാടക)855.501764.50
ഹൈദരാബാദ് (തെലങ്കാന)905.001912.50
പാട്ന (ബിഹാർ)942.501940.00
ഭുവനേശ്വർ (ഒഡീഷ)879.001835.50
അഹമ്മദാബാദ് (ഗുജറാത്ത്)860.501753.00

തുടർച്ചയായ രണ്ടാം മാസവും വില വർദ്ധനവ്

വാണിജ്യ സിലിണ്ടറുകളുടെ വില തുടർച്ചയായ രണ്ടാം മാസമാണ് വർദ്ധിപ്പിക്കുന്നത്. ജനുവരി മാസത്തിന്റെ തുടക്കത്തിൽ എണ്ണക്കമ്പനികൾ 111 രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ വ്യവസായ മേഖലയെ ഈ വില വർദ്ധനവ് സാരമായി ബാധിക്കും. ഇത് ഭക്ഷണ സാധനങ്ങളുടെ വില വർദ്ധനവിന് കാരണമായേക്കുമെന്നും ആശങ്കയുണ്ട്.

ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ അടിക്കടി മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ 8-ലെ നിരക്കിൽ തന്നെ തുടരുകയാണ്.

ഡൽഹിയിൽ 853 രൂപയാണ് ഗാർഹിക സിലിണ്ടറിന്റെ വില. കൊൽക്കത്തയിൽ 879 രൂപയും മുംബൈയിൽ 852 രൂപയും ചെന്നൈയിൽ 868 രൂപയുമാണ് നിലവിലെ നിരക്ക്. ബജറ്റ് പ്രഖ്യാപനങ്ങളിൽ ഗാർഹിക സിലിണ്ടറുകളുടെ വില കുറയ്ക്കാനുള്ള നടപടികൾ ഉണ്ടാകുമോ എന്നാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്.