തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ആര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് മഞ്ചാടിനിന്നവിള ആനന്ദ് ഭവനിൽ സുരേഷ്കുമാറിന്റെയും അഞ്ജനയുടെയും മകൻ ആനന്ദ് (21) ആണ് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്.
കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഓൺലൈൻ വഴി എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ലോൺ മാഫിയ ആനന്ദിന്റെ ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ഇതിലുണ്ടായ കടുത്ത മനോവിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു.
മാർച്ച് നാലിന് ഉച്ചയ്ക്ക് ജോലിസ്ഥലമായ പുളിമൂടുള്ള ടയർ കടയിൽ വെച്ചാണ് ആനന്ദ് ആസിഡ് കഴിച്ചത്. കടയുടെ പിന്നിലെ ഷെഡിൽ അവശനിലയിൽ കണ്ടെത്തിയ ആനന്ദിനെ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
യുവതലമുറയെ കുരുക്കുന്ന ഓൺലൈൻ ചതിക്കുഴികൾക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. ആനന്ദിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



