ലിവ്-ഇന്‍ ബന്ധത്തിലുള്ള സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിന് “ഭാര്യ” എന്ന പദവി നല്‍കണമെന്ന നിര്‍ദ്ദേശവുമായി മദ്രാസ് ഹൈക്കോടതി. യുവാവ് വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തില്‍ ഏർപ്പെട്ട ശേഷം അത് പാലിക്കാതിരുന്നതിന് യുവതി നൽകിയ പരാതിയാണ് കോടതി പരിഗണിച്ചത്.

യുവാവ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. വിവാഹിതരായ സ്ത്രീകൾക്ക് ലഭിക്കുന്ന നിയമപരമായ സംരക്ഷണങ്ങൾ ലിവ്-ഇന്‍ ബന്ധത്തിലുള്ളവർക്കില്ലാത്തതിനാൽ, ഇത്തരം ബന്ധങ്ങളിലുള്ള സ്ത്രീകളെ സംരക്ഷിക്കുന്നത് കോടതി കടമയാണെന്ന് ജസ്റ്റിസ് എസ്. ശ്രീമതി വ്യക്തമാക്കി.

അതേസമയം 2014-ൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യം യുവാവ് കോടതി മുന്നിൽ ഉന്നയിച്ചിരുന്നു. എന്നാൽ യുവതിയുമായി ബന്ധത്തിലായ ഇയാൾ, നിരവധി തവണ ലൈംഗികബന്ധം പുലർത്തി, പിന്നീട് വിവാഹം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ആണ് യുവതി പരാതി നൽകിയതെന്ന് കോടതി നിരീക്ഷിച്ചു. വഞ്ചന, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍ എന്നിവ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 69ഉം പ്രതിക്കെതിരെ കോടതി ചുമത്തി.