തമിഴ്നാട്ടിൽ 717 ടാസ്മാക് (TASMAC) മദ്യവിൽപനശാലകൾ പൂട്ടിയതിന്റെ മേഖല തിരിച്ചുള്ള കണക്ക് സർക്കാർ പുറത്തുവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന കടകളാണ് അടച്ചത്.717 മദ്യവിൽപന ശാലകളാണ് പൂട്ടിയത്. മധുര റീജ്യനിൽ പൂട്ടിയത് 290 കടകൾ. കോയമ്പത്തൂർ റീജ്യൻ 179. ചെന്നൈ റീജ്യണിൽ 82 കടകളും പൂട്ടി. 

500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന മദ്യവിൽപനശാലകൾ അടച്ചുപൂട്ടാനാണ് സർക്കാർ ഉത്തരവ്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 കടകളും, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 കടകളും, ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ള 255 കടകളും പൂട്ടി.

തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളും പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു. അധികാരത്തിലെത്തിയാൽ ലഹരിമാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിജയ് തന്റെ പ്രചാരണ പ്രസംഗങ്ങളിൽ വ്യക്തമാക്കിയിരുന്നു.നിലവിൽ തമിഴ്നാട്ടിൽ ആകെ 4,765 ടാസ്മാക് മദ്യവിൽപനശാലകളാണുള്ളത്. അവയിൽ 717 എണ്ണം ഒരുമിച്ച് പൂട്ടിയത് സംസ്ഥാനത്തെ മദ്യവിൽപന രംഗത്തെ ശ്രദ്ധേയമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.