ലയണൽ മെസ്സിയുടെ അർജന്റീന ടീം കേരളത്തിലെത്തുമെന്നതിൽ ഒടുവിൽ സ്ഥിരീകരണം. ഇന്ത്യയിൽ കളിക്കുമെന്ന് രാജ്യത്തെ ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരം നവംബർ 10 നും 18 നും ഇടയിൽ കേരളത്തിൽ നടക്കുമെന്നാണ് എ.എഫ്.എയുടെ പ്രഖ്യാപനം.

അർജന്റീന ഫുട്ബോൾ ടീമിന്റെ ഇന്ത്യാ സന്ദർശനത്തിനുള്ള ചർച്ചകൾ കുറച്ചുനാളായി നടന്നുവരികയായിരുന്നു . 2026 ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാൻ ടീമിനെ കൊണ്ടുവരാൻ കേരള സർക്കാർ സജീവമായി ശ്രമിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നിട്ടും, സംസ്ഥാന കായിക വകുപ്പ്  തീയതികൾ പ്രഖ്യാപിച്ചിരുന്നില്ല.

അർജന്റീന ഫെഡറേഷൻ ഇപ്പോൾ ഇന്ത്യയിൽ സന്ദർശിക്കുന്ന സമയപരിധി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം ഒന്നര പതിറ്റാണ്ടിനിടെ ഇത് രണ്ടാം തവണ മാത്രമാണ് ടീം ഇന്ത്യൻ മണ്ണിൽ കളിക്കുന്നത്. അവസാനമായി 2011 ൽ ലയണൽ മെസ്സി ഉൾപ്പെട്ട അർജന്റീന കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കളിച്ചിരുന്നു.