തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാച്ചടങ്ങിന്റെ സദസ്സിലിരിക്കുമ്പോൾ കാലത്തിന്റെ കരുതലിന് മനസ്സുകൊണ്ട് അദ്ദേഹം സല്യൂട്ടടിച്ചിരിക്കണം. രമേശ് ചെന്നിത്തല മന്ത്രിയായിരിക്കേ ഗൺമാനായിരുന്ന മോഹൻലാൽ, തന്റെ മകൻ എം. ലിജു മന്ത്രിപദവിയിലേറുന്നത് അഭിമാനത്തോടെ കണ്ടുനിന്നു. മനസ്സും കണ്ണും നനഞ്ഞു

1986-ൽ കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസനമന്ത്രിയായിരുന്നപ്പോഴാണ് ഇദ്ദേഹം രമേശ് ചെന്നിത്തിലയ്ക്കൊപ്പമുണ്ടായിരുന്നത്. അന്ന് ലിജു സെയ്‌ന്റ്‌ തോമസ് സ്കൂളിൽ വിദ്യാർഥിയാണ്. സത്യപ്രതിജ്ഞയും മന്ത്രിമന്ദിരവുമൊന്നും പുതുമയായിരുന്നില്ല മോഹൻലാലിന്. മന്ത്രിയുടെ തിരക്കും ചര്യകളുമൊക്കെ അടുത്തറിഞ്ഞിട്ടുമുണ്ട്. ഇനി മകന്റെ മന്ത്രിയാത്ര അടുത്തുനിന്നുകാണും.

‘‘കോേളജിൽ പഠിക്കുമ്പോൾ എതിർപാർട്ടിക്കാരുടെ മർദനമേറ്റ് അവന്റെ തലപൊട്ടി ആശുപത്രിയിലായി. അന്ന് രാഷ്ട്രീയപ്രവർത്തനം മതിയാക്കാൻ ഉപദേശിച്ചിരുന്നു. പക്ഷേ, തൊട്ടുപിന്നാലെ സർവകലാശാലാ സെനറ്റ് അംഗമായി, മുഴുവൻസമയ രാഷ്ട്രീയക്കാരനും’’ -സത്യപ്രതിജ്ഞാദിനത്തിൽ അച്ഛൻ ഓർമ്മിച്ചു.

തലമുറകളായി കോൺഗ്രസ് കുടംബമായതിനാൽ ലിജുവും ആ വഴിക്കുപോയി. തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ തുടർക്കഥകൾക്കൊടുവിൽ കായംകുളത്തുനിന്ന് മിന്നുംജയം നേടി മന്ത്രിസഭയിലെത്തി. ലിജു അധികാരമേൽക്കുമ്പോൾ അച്ഛൻ മോഹൻലാൽ, അമ്മ ചന്ദ്രിക, ഭാര്യ അമ്പിളി, മകൾ ഗഗന ലിജു എന്നിവർ സദസ്സിലുണ്ടായിരുന്നു.