ലെയോ പതിനാലാമൻ മാർപാപ്പയുടെയും വത്തിക്കാൻ കൂരിയയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഈ വർഷത്തെ നോമ്പുകാല ധ്യാനത്തിന് തുടക്കമായി. ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വത്തിക്കാനിലെ അപ്പസ്തോലിക് പാലസിലുള്ള പൗളിൻ ചാപ്പലിലാണ് ധ്യാനം ആരംഭിച്ചത്. നോർവേയിലെ ട്രോണ്ട്ഹൈമിൽ നിന്നുള്ള ട്രാപ്പിസ്റ്റ് സന്യാസിയും ബിഷപ്പുമായ എറിക് വാർഡൻ ആണ് ഇത്തവണ ധ്യാനത്തിന് നേതൃത്വം നൽകുന്നത്.
‘മറഞ്ഞിരിക്കുന്ന മഹത്വത്താൽ പ്രകാശിക്കുന്നു’ എന്ന പ്രമേയത്തെ ആസ്പദമാക്കി വി. ബെർണാഡ് ക്ലെയർവോയുടെ ആത്മീയതയെ മുൻനിർത്തിയാണ് അദ്ദേഹം ധ്യാനചിന്തകൾ പങ്കുവയ്ക്കുന്നത്. ഫെബ്രുവരി 22 മുതൽ 27 വരെയാണ് ധ്യാനം നടക്കുന്നത്. ഈ ദിവസങ്ങളിൽ മാർപാപ്പയുടെ പൊതുദർശനങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി പൂർണ്ണമായും പ്രാർഥനയിലും നിശ്ശബ്ദതയിലുമായിരിക്കും ചെലവഴിക്കുക. ആത്മീയസ്വാതന്ത്ര്യം, സത്യത്തിന്റെ ശോഭ, ദൈവപരിപാലന, പ്രത്യാശയുടെ സന്ദേശം തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള 11 പ്രഭാഷണങ്ങളാണ് ബിഷപ്പ് എറിക് വാർഡൻ ഈ ദിവസങ്ങളിൽ വിചിന്തനത്തിനായി നൽകുന്നത്.



