സാമ്പത്തികവും രാഷ്ട്രീയവുമായ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ലെബനനിലെ ക്രൈസ്തവ സമൂഹത്തെ സംരക്ഷിക്കാൻ വത്തിക്കാന്റെ അടിയന്തര ഇടപെടൽ തേടി ലെബനീസ് വിദേശകാര്യ മന്ത്രി അബ്ദല്ല ബൗ ഹബീബ്. വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ അഭ്യർഥന നടത്തിയത്.

ലെബനനിലെ നിലവിലെ സാഹചര്യങ്ങൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനുമായി മന്ത്രി ചർച്ച ചെയ്തു. രാജ്യത്തെ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളും പലായന ഭീഷണിയും അദ്ദേഹം വിശദീകരിച്ചു. മധ്യപൂർവേഷ്യയിലെ സമാധാനത്തിനും ലെബനന്റെ സാംസ്കാരിക വൈവിധ്യം നിലനിർത്തുന്നതിനും ക്രൈസ്തവരുടെ സാന്നിധ്യം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുദ്ധഭീഷണിയും സാമ്പത്തിക തകർച്ചയും മൂലം ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് വത്തിക്കാൻ നൽകിവരുന്ന പിന്തുണയ്ക്ക് മന്ത്രി നന്ദി അറിയിച്ചു. ലെബനനിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനും അന്താരാഷ്ട്ര തലത്തിൽ പിന്തുണ ഉറപ്പാക്കാനും പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര ഇടപെടലുകൾ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.